എനിക്ക് കുടുംബക്ഷേത്രമില്ല ;വ്യക്തിഹത്യ ചെയ്യാന്‍ ശ്രമമെന്ന് ഇ.പി ജയരാജന്‍

225

തിരുവനന്തപുരം: വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നുവെന്ന് ഇ.പി ജയരാജന്‍. തേക്ക് തടി വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് കുടുംബക്ഷേത്രമില്ല. തേക്ക് തടി സൗജന്യമായി അനുവദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരിണാവ് ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രമാണ്. ക്ഷേത്രകമ്മിറ്റി ഏല്‍പിച്ച കത്ത് വനംമന്ത്രിക്ക് കൈമാറുക മാത്രമാണ് ചെയ്തത്. ക്ഷേത്രകമ്മിറ്റിക്കാര്‍ വനംമന്ത്രിക്ക് കത്ത് നല്‍കിയ ശേഷം നാട്ടുകാരനെന്ന നിലയില്‍ തന്റെ അടുത്ത നിവേദനം തരുകയായിരുന്നു.

ക്ഷേത്രപുനരുദ്ധാരണത്തിന് ഒരു കോടി രൂപ ചിലവ് വരും. നവീകരണം പൂര്‍ത്തീകരിക്കണമെങ്കില്‍ ബി ഗ്രേഡ് ക്ഷേത്രമായതിനാല്‍ ഇത്രയും ചിലവ് വഹിക്കാന്‍ ശേഷിയില്ലെന്ന് കമ്മിറ്റിക്കാര്‍ അറിയിച്ചു. അതിനാല്‍ സര്‍ക്കാരില്‍ നിന്ന് ശ്രീകോവിലും മറ്റും നിര്‍മ്മിക്കാന്‍ ആവശ്യമായ തടി സൗജന്യമായി നല്‍കണമെന്നാണ് നിവേദനം നല്‍കിയത്. താന്‍ അത് വനംമന്ത്രിക്ക് കൈമാറുക മാത്രമാണ് ചെയ്തത്. അതല്ലാതെ താന്‍ തേക്ക് തടി സൗജന്യമായി നല്‍കാന്‍ കത്ത് നല്‍കിയിട്ടില്ല.
വ്യക്തിഹത്യ ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നത്. ഇരിണാവ് ക്ഷേത്രത്തില്‍ ചെറുപ്പത്തില്‍ കുളിക്കാന്‍ പോയിട്ടുണ്ടെന്ന് അല്ലാതെ ആ ക്ഷേത്രവുമായി തനിക്ക് ബന്ധമില്ല. തന്നെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ വ്യക്തിഹത്യ നടത്തി നശിപ്പിക്കലാണ് ചിലരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം മന്ത്രിവസതിയായ സാനഡുവില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. ഇന്നത്തോടെ സാനഡു ഒഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു.

NO COMMENTS

LEAVE A REPLY