കൊച്ചിയില്‍ പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചത് വിദേശരാജ്യങ്ങളില്‍ നിന്ന്

617

കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിച്ച പുകയില ഉല്പ്പന്നങ്ങള്‍ എത്തിച്ചത് വിദേശരാജ്യങ്ങളില്‍ നിന്ന്. കപ്പല്‍ മാര്‍ഗം നികുതിയടക്കാതെ എത്തിച്ച സിഗരറ്റുകള്‍ക്ക് ഏതാണ്ട് 30 ലക്ഷം രൂപയുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
കൊച്ചി സിറ്റി ഷാഡോ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എറണാകുളം തേവരയിലെ ഒരു ഗോഡൗണില്‍ റെയ്ഡ് നടത്തിയത്. നിയമവിരുദ്ധമായി വില്‍പനയ്‌ക്ക് വച്ച പുകയില ഉത്പന്നങ്ങള്‍ കൊച്ചി പൊലീസ് പിടികൂടി . പിടിച്ചെടുത്ത സിഗരറ്റ് പാക്കറ്റുകളിലൊന്നും നിയമാനുസൃതമായ മുന്നറിയിപ്പില്ല. ലക്ഷക്കണക്കിന് രൂപ നികുതി വെട്ടിച്ചാണ് വിദേശരാജ്യങ്ങളില്‍ നിന്ന് സിഗരറ്റ് ഉത്പ്പന്നങ്ങള്‍ എത്തിക്കുന്നത്. നഗരത്തിലെ ചെറിയ കടകളിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു സമീപവും ഇവ വില്‍പ്പനക്കെത്തിക്കുന്നത് വന്‍ വിലക്കാണ്. ഗോഡൗണ്‍ ഉടമ അയുബിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം സംഘങ്ങള്‍ കൊച്ചി നഗരത്തിലും പരിസരത്തുമായി വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് 10 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ ഇതേ രീതിയില്‍ പൊലീസ് പിടികൂടിയിരുന്നു. വരും ദിവസങ്ങളില് റെയ്ഡ് സജീവമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.