പുകയില ഉത്പന്നങ്ങൾ പിടികൂടി

211

തൃശൂര്‍: വിയ്യൂരിൽ അനധികൃതമായി കടത്തിക്കൊണ്ടുവന്ന ചാക്കുകണക്കിനു നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.വാഹനപരിശോധനക്കിടെയാണ് കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തു പിടികൂടിയത്. പെരുമ്പാവൂര്‍ സ്വദേശികളായ രണ്ട് പേര്‍ കസ്റ്റഡിയിൽ
തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവരികയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് വാഹനപരിശോധനക്കിടെ പൊലീസിന്‍റെ പിടിയിലായത്. ഒമ്പത് ചാക്കുകളിലായി പതിനായിരത്തിലധികം പാക്കറ്റ് ഹാൻസാണ് കാറിൽ കടത്തിയിരുന്നത്. പരിശോധനക്കായി തടഞ്ഞപ്പോൾ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. പിന്തുടര്‍ന്ന പൊലീസ് പാടൂക്കാട് ജംഗ്ഷന് സമീപത്ത് വച്ച് വാഹനം പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ മുനീര്‍ മുഹമ്മദ്, മുനീര്‍ ജബ്ബാര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾക്ക് അ‍ഞ്ച് ലക്ഷത്തിലധികം രൂപ വിലവരും . ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ, വിദ്യാര്‍ത്ഥി ഹോസ്റ്റലുകൾ, ലോഡ്ജുകൾ എന്നീ കേന്ദ്രങ്ങളിലെ ചെറുകടകളിലേക്കായാണ് ഇവ കൊണ്ടുവന്നത്.
തുച്ഛമായ വിലയ്ക്ക് തമി‍ഴ്നാട്ടില്‍ ലഭ്യമായ ഉത്പന്നം പത്തിരട്ടിയിലധികം വിലയ്ക്ക് നാട്ടിൽ വിൽക്കുകയായിരുന്നു പ്രതികളുടെ രീതി. കഴിഞ്ഞ നാല് വര്‍ഷമായി സമാനമായ രീതിയിൽ ലഹരി ഉത്പന്നങ്ങൾ കടത്തിക്കൊണ്ടുവന്നതായും ഇവര്‍ പൊലീസിനോട് സമ്മതിച്ചു.