ഡോണള്‍ഡ് ട്രംപിനെതിരെ യുഎസില്‍ വന്‍ പ്രതിഷേധം

202

വാഷിങ്ടന്‍ • പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിനെതിരെ യുഎസില്‍ പ്രതിഷേധം ശക്തമാകുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും യുഎസിന്റെ പല നഗരങ്ങളിലും ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ട്രംപിന്റെ നിലപാടുകള്‍ വര്‍ഗീയ വിദ്വേഷവും ലിംഗവിവേചനവും സൃഷ്ടിക്കുന്നതാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റനെ തോല്‍പ്പിച്ചാണ് ട്രംപ് യുഎസ് പ്രസിഡന്റ് പദവിയിലെത്തിയത്. ട്രംപ് ഞങ്ങളുടെ പ്രസിഡന്റല്ല, അമേരിക്കയെ ട്രംപ് വിഭജിക്കും, ട്രംപ് പുറത്തുപോകൂ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ജനം തെരുവിലേക്കിറങ്ങിയത്. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലും ആയിരങ്ങള്‍ പ്രതിഷേധവുമായെത്തി. പോര്‍ട്‍ലാന്‍ഡ്, ഫിലഡല്‍ഫിയ, ബാള്‍ട്ടിമോര്‍, മിനിസോട്ട, സാന്‍ ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ തെരുവുകള്‍ കയ്യേറി. വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമായേക്കുമെന്നാണ് സൂചന. പ്രതിഷേധം കലാപത്തിലേക്ക് നയിക്കാതിരിക്കാന്‍ പൊലീസ് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY