ഓസ്കര്‍നിശ കുളമാകാന്‍ കാരണം തനിക്കെതിരെയുള്ള വിമര്‍ശനമെന്ന് ഡൊണാള്‍ഡ് ട്രംപ്

224

ലോസ് ആഞ്ചലസ്: തന്നെ അമിതമായി വിമര്‍ശിച്ചതാണ് ഓസ്കര്‍ അവാര്‍ഡ് ചടങ്ങ് കുളമാകാന്‍ കാരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിനിമയിലായിരുന്നില്ല, തന്നെ ചീത്ത വിളിക്കാനായിരുന്നു സംഘാടകരുടെ ശ്രദ്ധ. ഞാന്‍ മുന്‍പ് ഓസ്കര്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളയാളാണ്. എന്നാല്‍ ഇത്തവണ എന്തിന്റെയോ ഒരു കുറവ് ഉണ്ടായിരുന്നു. ഒട്ടും ഗ്ലാമര്‍ ഇല്ലാതെ പോയ പരിപാടിയായിരുന്നു ഇത്. ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്‍റെ കുറ്റപ്പെടുത്തല്‍.
മികച്ച ചിത്രത്തിനുള്ള പുരസ്കാരം തെറ്റായി പ്രഖ്യാപിച്ചതാണ് ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്കു കാരണമായത്. മികച്ച ചിത്രം ‘ലാ ലാ ലാന്‍ഡ്’ എന്നായിരുന്നു ആദ്യ പ്രഖ്യാപനം. ഈ ചിത്രത്തിന്റെ നിര്‍മാതാക്കളും സംവിധായകനും ഉള്‍പ്പെടെയുള്ളവര്‍ വേദിയിലെത്തി സമ്മാനം സ്വീകരിച്ച ശേഷമാണു പ്രഖ്യാപനം തെറ്റിയെന്നു തിരിച്ചറിഞ്ഞത്. ‘മൂണ്‍ലൈറ്റ്’ ആയിരുന്നു മികച്ച ചിത്രം.
ട്രംപിന്റെ നയങ്ങളോടുള്ള എതിര്‍പ്പും പ്രതിഷേധവും തുടക്കം മുതലേ ഓസ്കര്‍ നിശയില്‍ നിറഞ്ഞുനിന്നിരുന്നു. ട്രംപിന്റെ യാത്രാവിലക്ക് മരവിപ്പിച്ച കോടതി ഉത്തരവിനെ പിന്തുണച്ച്‌ പല താരങ്ങളും നീല റിബണ്‍ കുത്തിയാണ് ഓസ്കര്‍ അവാര്‍ഡ് നിശയിലെത്തിയത്. അഭയാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് പലരും സംസാരിച്ചതും.

NO COMMENTS

LEAVE A REPLY