ഇങ്ങനെ തുടര്‍ന്നാല്‍ മരുഭൂമിയാകും – ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു

299

കാസറഗോഡ് : ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ജലശക്തി അഭിയാന്‍ പദ്ധതി വിശദീകരിച്ചു. ജില്ലയില്‍ രൂക്ഷമായ ഭൂജലദൗര്‍ലഭ്യം പരിഹരിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ ഈ മേഖല സമീപ ഭാവിയില്‍ തന്നെ മരുഭൂമിയായി പരിണമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക ഭദ്രതയുടെ അടിസ്ഥാനം ജലസുരക്ഷയായി മാറിയിട്ടുണ്ടെന്നും അതിലൂടെ ഭക്ഷ്യസുരക്ഷയും തുടര്‍ന്നു സാമ്പത്തിക സുരക്ഷയും സാമൂഹിക സുരക്ഷയും കൈവരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ജലശക്തി അഭിയാന്‍ പദ്ധതിയുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി ജില്ലയില്‍ നേരത്തേ തന്നെ നടപ്പാക്കി വരുന്ന പദ്ധതികള്‍ ജില്ലാ കളക്ടര്‍ വിശദീകരിച്ചു. പദ്ധതി നിര്‍ദേശിക്കുന്ന വനവല്‍ക്കരണവും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ബാംബൂ ക്യാപിറ്റല്‍ പദ്ധതിയിലൂടെയും ജലമാണ് ജീവന്‍ പദ്ധതിയിലൂടെയും നിര്‍വഹിച്ചു വരുന്നു. പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മഞ്ചേശ്വരം ബ്ലോക്കിലെ അഞ്ചു നദികളില്‍ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ റെഗുലേറ്റര്‍ കം ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കും. ജില്ലയിലെ 12 നദികളിലും റഗുലേറ്റര്‍ കം ചെക്ക്ഡാം അനിവാര്യമാണ്.

ജല നയത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് തലങ്ങളില്‍ രൂപീകരിക്കുന്ന പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും കേന്ദ്ര-സംസ്ഥാനങ്ങളുടെ വിവിധ ഫണ്ടുകളില്‍ നിന്നും ത്രിതല പഞ്ചായത്ത് വിഹിതത്തില്‍ നിന്നും പദ്ധതികള്‍ക്കാവശ്യമായ ഫണ്ടുകള്‍ കണ്ടെത്തേണ്ടതാണെന്നും കളക്ടര്‍ വ്യക്തമാക്കി.
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറും ജലശക്തി അഭിയാന്‍ ജില്ലാ നോഡല്‍ ഓഫീസറുമായ വി.എം അശോക് കുമാര്‍ ജലനയ രൂപരേഖ അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എച്ച് മുഹമ്മദ്കുഞ്ഞി ചായിന്റടി (കാസര്‍കോട്), എ.കെ.എം അഷ്റഫ് (മഞ്ചേശ്വരം), എം.ഗൗരി (കാഞ്ഞങ്ങാട്), ഓമന രാമചന്ദ്രന്‍ (കാറഡുക്ക ),ജലശക്തി അഭിയാന്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് വി.ആര്‍ റാണി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.പ്രദീപന്‍, എഡിസി ജനറല്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, സിപിസിആര്‍ഐ കൃഷി വിജ്ഞാന്‍ കേന്ദ്ര പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.ടി.കെ മനോജ് കുമാര്‍, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസ് നെനോജ് മേപ്പടിയില്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.തുടര്‍ന്ന് കാസര്‍കോട് ബ്ലോക്കിലെ മധൂര്‍, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍, ചെമ്മനാട്, ബദിയടുക്ക, ചെങ്കള എന്നീ പഞ്ചായത്തുകളുടെ ഗ്രൂപ്പ് തിരിഞ്ഞു കൊണ്ടുള്ള സെഷനില്‍ ജലസംരക്ഷണ പ്രൊജക്ടുകള്‍ ചര്‍ച്ച ചെയ്തു ക്രോഡീകരിച്ചു.

കാസര്‍കോട്, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, കാറഡുക്ക എന്നീ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കൃഷി ഓഫീസര്‍മാര്‍ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ഗ്രാമ-ബ്ലോക്ക്-ജില്ലാതല ജലസംരക്ഷണ സമിതി അംഗങ്ങള്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

NO COMMENTS