ശക്തമായ കാലവര്‍ഷത്തെ ജില്ല ഒറ്റക്കെട്ടായി നേരിടുന്നു: ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു

142

കാസര്‍കോട് : ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്നുള്ള വിഷമതകളെ ജില്ല ഒറ്റക്കെട്ടായി നേരിടുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും റവന്യു, കോസ്റ്റല്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, പോലീസ്, ഫിഷറീസ് വിഭാഗങ്ങളും 24 മണിക്കൂറും ഏത് അടിയന്തര സാഹചര്യവും നേരിടുവാനും സജ്ജമാണെന്നും കളക്ടര്‍ പറഞ്ഞു.സമീപ വര്‍ഷങ്ങളില്‍ ജില്ല നേരിടുന്ന ഏറ്റവും ശക്തമായ കാലവര്‍ഷമാണിത്. വെള്ളക്കെട്ട് രൂക്ഷമായ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നു ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിട്ടി പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയതിനാലും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതിനാലും കെടുതികള്‍ നിയന്ത്രിക്കാനും ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുവാനും കഴിഞ്ഞു.

എങ്കിലും അതിശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ ഇതുവരെ നാലു വീടുകള്‍ പൂര്‍ണ്ണമായും 136 വീടുകള്‍ ഭാഗിമായും തകര്‍ന്നിട്ടുണ്ട്. മാത്രമല്ല വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെ 1,54,52,500 രൂപ(1.54 കോടി രൂപ) നഷ്ടമാണ് കാര്‍ഷിക മേഖയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 48,01,400 രൂപയുടെ കൃഷി നാശം ഉണ്ടായിട്ടുണ്ട്. ഇതുവരെ 204.28705 ഹെക്ടര്‍ ഭൂമിയിലെ കൃഷിയെയാണ് കാലവര്‍ഷം ബാധിച്ചത്. ഇവര്‍ക്ക് സഹായം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ജില്ലാ ആസ്ഥാനത്തും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

മഴക്കെടുതിയുമായി ബന്ധപ്പെട്ട എതു സഹായത്തിനും പൊതുജനങ്ങള്‍ക്ക് ഈ കണ്‍ട്രോള്‍ റൂമുകളിലേക്ക് വിളിച്ചു പറയാം. പരാതികള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ജില്ലാ കളക്ടറെ നേരിട്ട് വിളിക്കാം.
രക്ഷാപ്രവര്‍ത്തനത്തിന് നീലേശ്വരം അഴീത്തലയില്‍ റെസ്‌ക്യു ബോട്ടും കാസര്‍കോട് കീഴൂരില്‍ വലിയ വള്ളവും സജ്ജമാണ്. പരിശീലനം ലഭിച്ച രക്ഷാഭടമ്മാര്‍ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറാണ്. തീരദേശ പോലീസും ജാഗ്രത പാലിക്കുന്നുണ്ട്. തീരദേശമേഖലയില്‍ വിഷമത അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

മഴ ശക്തമായതിനാല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്ന ക്വാറികള്‍ക്കു ചുറ്റും സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുവാനും നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാലങ്ങള്‍ക്ക് സമീപമുള്ള ക്വാറികളില്‍ പ്രത്യേക ജാഗ്രത പാലിക്കുവാന്‍ ജിയോളജിസ്റ്റിനും വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലാക്രമണം നേരിടാന്‍ ജിയോ ബാഗുകളും മണല്‍ ചാക്കുകളും ഉപയോഗിക്കാന്‍ ജലസേചന വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളക്കെട്ടുകള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ ഹാര്‍ബര്‍ എഞ്ചിനീറയിംഗ് വിഭാഗം വെള്ളം ഒഴുകിപ്പോകുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതും ഈ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

ജില്ലാ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം
നമ്പര്‍: 04994 257 700, 94466 01700

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍:
ഹോസ്ദുര്‍ഗ്: 0467 2204042, 0467 2206222
വെള്ളരിക്കുണ്ട് 0467 2242320
കാസര്‍കോട് 04994 2230021
മഞ്ചേശ്വരം: 04998 244044

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക്

കാലവര്‍ഷക്കെടുതി മൂലം കൃഷിനാശം സംഭിച്ചാല്‍ വിവരങ്ങള്‍ അറിയിക്കുന്നതിനായി കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ 24 മണിക്കൂറും ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍: 04994 255346, 9447270166.

NO COMMENTS