മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ദിലീപ് പഡ്ഗാവ്കര്‍ അന്തരിച്ചു

247

പുണെ • മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ടൈംസ് ഓഫ് ഇന്ത്യ മുന്‍ എഡിറ്ററുമായ ദിലീപ് പഡ്ഗാവ്കര്‍ (72) അന്തരിച്ചു. ഏതാനും നാളുകളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തെ ഈമാസം 18ന് ആണു ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയത്. ജമ്മു കശ്മീരില്‍ സമാധാന ചര്‍ച്ചകള്‍ക്കായി 2008ല്‍ കേന്ദ്രം നിയോഗിച്ച മൂന്നംഗ സമിതിയില്‍ ദിലീപ് പഡ്ഗാവ്കര്‍ അംഗമായിരുന്നു. 1968ല്‍ പാരിസ് കറസ്പോണ്ടന്റ് ആയാണു ടൈംസ് ഓഫ് ഇന്ത്യയില്‍ കരിയര്‍ ആരംഭിച്ചത്. 1988ല്‍ എഡിറ്ററായ അദ്ദേഹം ആറുവര്‍ഷം പദവിയില്‍ തുടര്‍ന്നു. ഇടക്കാലത്തു യുനെസ്കോയിലും പ്രവര്‍ത്തിച്ചു. സാമൂഹിക ചിന്തകന്‍ എന്ന നിലയിലും മാധ്യമരംഗത്തെ സംഭാവനകളുടെ പേരിലും അദ്ദേഹം എക്കാലവും സ്മരിക്കപ്പെടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി. മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി ശക്തമായ നിലപാടു സ്വീകരിച്ച വ്യക്തിയായിരുന്നു ദിലീപ് പഡ്ഗാവ്കറെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY