ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും

218

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും. പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളിന്മേല്‍ അഡ്വ രാമന്‍പിള്ളയുടെ നേതൃത്വത്തില്‍ പ്രതിഭാഗത്തു നിന്നും അതിശക്തമായ എതിര്‍വാദങ്ങളാണ് കോടതിയില്‍ നടക്കുന്നത്. രാവിലെ 10.30’നു തുടങ്ങിയ വാദം മണിക്കൂറുകളായി നീളുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കിട്ടിയതിനാല്‍ ആ വിഷയത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞ സ്ഥിതിയ്ക്ക് ഇനിയും ദിലീപിനെ കസ്റ്റഡിയില്‍ വയ്ക്കേണ്ട ആവശ്യമില്ല എന്ന് രാമന്‍പിള്ള കോടതിയെ അറിയിച്ചു. പള്‍സര്‍ സുനിയ്ക്കെതിരെ നിലവില്‍ 28 കേസുകളുണ്ടെന്നും, അത്തരത്തിലുള്ള ഒരു ക്രിമിനലായ അയാളെ ഉള്‍പ്പെടുത്തി ദിലീപിനെതിരെ കള്ളക്കേസ് ചമയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയും, സുനിയും തമ്മില്‍ നേരത്തെ പരിചയമുള്ളതു കാരണം അവര്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് പ്രതിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും രാമന്‍ പിള്ള വാദിച്ചു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പലര്‍ക്കും ദിലീപിനെ കുടുക്കാനായി പദ്ധതിയിട്ടിരുന്നതിനാല്‍, ഒരു ക്രിമിനലായ പള്‍സര്‍ സുനിയുടെ വാക്കുകള്‍ വിശ്വസിക്കരുതെന്നും പ്രതിഭാഗം വാദത്തില്‍ പറയുന്നു.

NO COMMENTS