കണ്ണൂര്‍ ധര്‍മടം തുരുത്തിന് സമീപം മത്സ്യബന്ധനത്തിന് പോയ ബോട്ട് പാറയിലിടിച്ചു മുങ്ങി

177

ധര്‍മടം• കണ്ണൂര്‍ ധര്‍മടം തുരുത്തിന് സമീപം മത്സ്യബന്ധനത്തിന് പോയ ബോട്ട് പാറയിലിടിച്ചു മുങ്ങി. ബോട്ടിലുണ്ടായിരുന്ന അ‍ഞ്ച് തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ധര്‍മടം ലാന്‍ഡിങ് സെന്‍ററില്‍ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ധര്‍മ്മടം സ്വദേശി സഫീറിന്‍റെ ഉടമസ്ഥതയിലുള്ള ‘റിഫായി’ എന്ന ബോട്ടാണ് കടുത്ത മഞ്ഞ് വീഴ്ച കാരണം പാറയില്‍ തട്ടി അപകടത്തിലപ്പെട്ടത്. ധര്‍മടം തുരുത്തിന് സമീപം പാറയില്‍ തട്ടിയ ബോട്ട് കരയിലേക്കടുപ്പിക്കുന്നതിനിടെ ദിശ തെറ്റി ഒഴുകിനീങ്ങി മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന നിസാര്‍, പ്രഷിത്ത്, ഫിറോസ്, ജിതേഷ്, സജീര്‍ എന്നിവരാണ് മണിക്കൂറുകളോളം കടലില്‍ കഴിഞ്ഞശേഷം രക്ഷപ്പെട്ടത്.

ബോട്ടു തകര്‍ന്നതിനെ തുടര്‍ന്ന് കടലിലേക്ക് ചാടിയ തൊഴിലാളികള്‍ ഡീസല്‍ കാനുകളിലും ലൈഫ് ജാക്കറ്റുകളിലുമായാണ് പിടിച്ചുനിന്നത്. മുങ്ങുന്ന ബോട്ടില്‍നിന്നും ഇവര്‍ തന്നെയാണ് അപകടവിവരം അഴീക്കല്‍ തീരദേശ പൊലീസില്‍ അറിയിച്ചതും. മുഴപ്പിലങ്ങാടുനിന്നും ധര്‍മടത്തുനിന്നും മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്റെ നിര്‍ദേശപ്രകാരം രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ട വള്ളങ്ങള്‍ ഏഴരക്കടപ്പുറത്ത് പകല്‍മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും മഞ്ഞുവീഴ്ച കാരണം അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താനായില്ല. ഒടുവില്‍ വൈകിട്ട് ആറു മണിയോട് കൂടി ധര്‍മടത്തുനിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയ വള്ളത്തിലെ തൊഴിലാളികളാണ് ഡീസല്‍ കാനുകളില്‍ പിടിച്ച്‌ നില്‍ക്കുന്ന തൊഴിലാളികളെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും ബോട്ട് പൂര്‍ണ്ണമായും മുങ്ങിയിരുന്നു. ഇവരെ ഉടന്‍തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.

NO COMMENTS

LEAVE A REPLY