സാമ്പത്തിക സംവരണം നടപ്പിലാക്കി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്

119

തിരുവനന്തപുരം : ദേവസ്വം ബോർഡ് നിയമനങ്ങളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ആദ്യ ലിസ്റ്റ് ഇന്ന് (നവംബർ ഒന്ന്) പ്രസിദ്ധീകരിക്കും. കേരളത്തിൽ ഇതാദ്യമായാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. സംസ്ഥാന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ജൂൺ എട്ടിന് നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എൽ.ഡി.ക്ലർക്ക്-സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയുടെ സാധ്യതാ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഈ ലിസ്റ്റിലുണ്ടാകും. ജാതി/ക്രിമിലയർ/സാമ്പത്തിക സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അർഹരായവരെ ഉൾപ്പെടുത്തി അന്തിമ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായർ, അംഗങ്ങളായ ജി.എസ് ഷൈലാമണി, പി.സി രവീന്ദ്രനാഥൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

വാർഷിക വരുമാന പരിധി മൂന്നുലക്ഷം കടക്കാൻ പാടില്ല, കുടുംബാംഗങ്ങൾക്ക് ആദായനികുതി ഉണ്ടാകരുത്, ഒരേക്കറിലധികം വസ്തു പാടില്ല, സർക്കാർ ഉദ്യോഗസ്ഥർ കുടുംബാംഗം ആകരുത് എന്നിവയാണ് സാമ്പത്തിക സംവരണത്തിനുള്ള യോഗ്യതാ മാനദണ്ഡം. പിന്നാക്ക സമുദായങ്ങൾക്കും പട്ടികജാതി വിഭാഗത്തിനും നിലവിലുള്ളതിനെക്കാൾ എട്ടു ശതമാനം സംവരണം അധികമായി നൽകിയിട്ടുണ്ട്. മലബാർ ഉൾപ്പടെയുള്ള അഞ്ചു ദേവസ്വം ബോർഡുകളിലെ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ചെയർമാൻ പറഞ്ഞു.

NO COMMENTS