അങ്കണവാടികൾ സമ്പൂർണമായി വൈദ്യുതിവത്ക്കരിക്കാൻ തീരുമാനം

13

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കാൻ തീരുമാനിച്ചു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
സംസ്ഥാനത്ത് 2256 അങ്കണവാടികളിലാണ് വൈദ്യുതി ഇല്ലാത്തത്.

വയറിംഗ് പൂർത്തീകരിച്ചിട്ടും വൈദ്യുതി നൽകാത്ത അങ്കണവാടികളിൽ യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി കണക്ഷൻ നൽകും. ഒരു പോസ്റ്റ് ആവശ്യമായ അങ്കണവാടികൾക്ക് കെ.എസ്.ഇ.ബി അവരുടെ സ്‌കീമിൽ ഉൾപ്പെടുത്തി സൗജന്യമായി അനുവദിക്കും. വയറിംഗ് നടന്നുകൊണ്ടിരിക്കുന്നവ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി അത് കെ.എസ്.ഇ.ബിയെ അറിയിക്കാൻ നിർദേശം നൽകി.

സ്വന്തം കെട്ടിടങ്ങളുണ്ടായിട്ടും ഫണ്ട് കണ്ടെത്താൻ കഴിയാത്ത 221 അങ്കണവാടികളുണ്ട്. പഞ്ചായത്തുകൾ ഫണ്ട് കണ്ടെത്തി അത് പരിഹരിക്കും. പൊതു കെട്ടിടങ്ങളിലും വാടക കെട്ടിടത്തിലും പ്രവർത്തിക്കുന്ന അങ്കണവാടികളിൽ വൈദ്യുതിവത്ക്കരിക്കാൻ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റും. ഇതേരീതിയിൽ ഇതുവരെ 30 അങ്കണവാടികളെ മാറ്റിക്കഴിഞ്ഞു. ആറു ജില്ലകളിലെ 21 അങ്കണവാടികളിൽ വൈദ്യുതി ലൈൻ വലിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ആ സ്ഥലങ്ങളിൽ അനർട്ട് നൽകിയ പ്രോജക്ട് അംഗീകരിക്കാനും തീരുമാനിച്ചു.

NO COMMENTS