ബിനീഷ് കോടിയേരിയെന്ന വ്യാജേന അരലക്ഷം രൂപ വെട്ടിച്ചു

205

മട്ടാഞ്ചേരി • ബിനീഷ് കോടിയേരിയെന്ന വ്യാജേന ഫോണിലൂടെ സംസാരിച്ച്‌ കൊച്ചിയിലെ സൃഷ്ടി ഡാന്‍സ് കമ്പനി കൊറിയോഗ്രഫര്‍ ഷിബു ചാള്‍സ് എന്ന ഒ.സി.സേവ്യറിന്‍റെ പക്കല്‍ നിന്ന് അരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സിംഗപ്പൂരില്‍ രണ്ടു നൃത്തപരിപാടികള്‍ സംഘടിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്നും നാലു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്നും ഈ മാസം ഏഴിനു ബിനീഷ് കോടിയേരിയെന്നു സ്വയം പരിചയപ്പെടുത്തിയ ആള്‍ ഷിബു ചാള്‍സിന്‍റെ ഫോണിലേക്കു വിളിച്ചുപറഞ്ഞതോടെയാണു തട്ടിപ്പിനു തുടക്കം. 28, 29 തീയതികളിലാണു ഷോ നടത്തേണ്ടതെന്നും സിംഗപ്പൂരില്‍ നിന്നാണു വിളിക്കുന്നതെന്നും പറഞ്ഞു. വാട്സാപ്പിലൂടെ ബന്ധപ്പെട്ടു തുടര്‍കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാമെന്നും അറിയിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ ചിത്രമാണു വാട്സാപ് നമ്പറില്‍ ഡിസ്പ്ലേ ഫോട്ടോ ആയി നല്‍കിയിരുന്നത്. പിന്നീട് ട്രൂപ്പ് അംഗങ്ങളുടെ ഫോട്ടോകളും പാസ്പോര്‍ട്ട് കോപ്പിയും അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ടു. പത്തിന് ഷിബുവിന്‍റെ അക്കൗണ്ടിലേക്ക് 4,60,000 രൂപ വിദേശത്തെ ബാങ്ക് മുഖേന അയച്ചിട്ടുണ്ടെന്നു കാണിച്ച്‌ ബാങ്ക് രസീതിന്റെ ചിത്രം വാട്സാപ്പിലൂടെ നല്‍കി. മഹാനവമിയോടനുബന്ധിച്ച അവധി ദിവസങ്ങള്‍ കഴിയുമ്പോള്‍ തുക പിന്‍വലിക്കാമെന്നും അറിയിച്ചു. വീസയുടെ ആവശ്യത്തിനായി ഓരോരുത്തരും 2,110 രൂപ വീതം എംബസിയിലെ ഉദ്യോഗസ്ഥനായ സുനില്‍കുമാര്‍ ശര്‍മ എന്നയാളുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഫോര്‍ട്ട്കൊച്ചി കുന്നുംപുറത്തുള്ള യുഎഇ എക്സ്ചേഞ്ചില്‍ നിന്നു രണ്ടു തവണയായി 50,000 രൂപ സുനില്‍കുമാറിന് അയച്ചുകൊടുത്തതായി മട്ടാഞ്ചേരി സിഐയ്ക്കു ഷിബു നല്‍കിയ പരാതിയില്‍ പറയുന്നു. സ്വര്‍ണമാല പണയം വച്ചാണ് ആദ്യം 36,000 രൂപ അയച്ചത്. പോരാതെ വന്ന തുക മറ്റൊരാളില്‍ നിന്നു കടംവാങ്ങി. പിന്നീടു ഫോണ്‍വിളികളൊന്നും വരാതെയായതോടെയാണു കബളിപ്പിക്കപ്പെട്ടതായി സംശയം തോന്നിയതെന്നു ഷിബു പറഞ്ഞു. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബിനീഷ് കോടിയേരിയെന്ന വ്യാജേന സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്നവരെ ഫോണില്‍ വിളിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ കൊച്ചി സിറ്റി ഷാഡോ പൊലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY