വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 237 റണ്‍സ് ജയം

216

സെന്റ് ലൂസിയ • വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 237 റണ്‍സ് ജയം. ഇന്ത്യ 217 റണ്‍സിന് രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തതിനെ തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് 47.3 ഓവറില്‍ 108 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത് വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങിനു വിളിച്ച വിരാട് കോഹ്ലിയുടെ പരീക്ഷണം വിജയം കാണുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടുകയും മല്‍സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അശ്വിനാണ് മാന്‍ ഓഫ് ദ് മാച്ച്‌. ഒന്നാം ടെസ്റ്റിലും അശ്വിന്‍ തന്നെയായിരുന്നു കളിയിലെ കേമന്‍. സ്കോര്‍: ഇന്ത്യ -353/10, എഴിന് 217. വെസ്റ്റ് ഇന്‍ഡീസ് – 225/10, 108നു പുറത്ത്.
റണ്‍നിരക്കില്‍ ഏഷ്യയ്ക്കു പുറത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ വിജയമാണിത്. ഈ ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്ബര സ്വന്തമാക്കിയ ഇപ്പോള്‍ ഇന്ത്യ 2-0ന് മുന്നിലാണ്. അവസാന ടെസ്റ്റ് 18 മുതല്‍ ട്രിനിഡാഡില്‍ നടക്കും. രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
അഞ്ചാം ദിനം ആദ്യ സെഷനില്‍ തന്നെ ഏഴിന് 217 എന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ വിന്‍ഡീസിനു കുറിച്ചു നല്‍കിയത് 346 റണ്‍സ് വിജയലക്ഷ്യം. ബാറ്റിങ് തുടങ്ങിയ വിന്‍ഡീസിന് ഒരു ഘട്ടത്തിലും കാര്യമായ ചെറുത്തുനില്‍പ്പിനായില്ല. 59 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ബ്രാവോയെ കൂടാതെ മര്‍ലോണ്‍ സാമുവല്‍സ് (12), റോസ്റ്റണ്‍ ചേയ്സ് (10) വാലറ്റക്കാരന്‍ ഷാനന്‍ ഗബ്രിയേല്‍ (11) എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായ്ത്. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷമി മൂന്നും ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഭുവനേശ്വര്‍ കുമാറും ആര്‍. അശ്വിനും ഒരോ വിക്കറ്റ് വീതം പങ്കുവച്ചു.
നാലാം ദിനം ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ ബോളിങില്‍ വിന്‍ഡീസിനെ 225 റണ്‍സിനു പുറത്താക്കിയ ഇന്ത്യ അതിവേഗത്തില്‍ റണ്‍സടിച്ചു കൂട്ടി ടെസ്റ്റിനെ ആവേശകരമാക്കുകയായിരുന്നു. ലഞ്ചിനു പിരിയുമ്ബോള്‍ മൂന്നിന് 194 റണ്‍സ് എന്ന നിലയിലായിരുന്ന വിന്‍ഡീസിന് പിന്നീട് 31 റണ്‍സെടുക്കുമ്ബോഴേക്കും ശേഷിച്ച ഏഴു വിക്കറ്റുകളും നഷ്ടമായി. 23.4 ഓവറില്‍ 10 മെയ്ഡന്‍ എറിഞ്ഞ ഭുവനേശ്വര്‍ 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ അജിങ്ക്യ രഹാനെ(78), രോഹിത് ശര്‍മ(41) എന്നിവരുടെ മികച്ച ബാറ്റിങാണ് ഇന്ത്യയെ ഇരുനൂറ് കടത്തിയത്. വിന്‍ഡീസിനു വേണ്ടി മിഗ്വേല്‍ കമിന്‍സ് ആറു വിക്കറ്റ് വീഴ്ത്തി.

NO COMMENTS

LEAVE A REPLY