ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 208 റണ്‍സ് വിജയം

236

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 208 റണ്‍സ് വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 459 റണ്‍സിന്റെ വിജലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 250 റണ്‍സിന് എല്ലാവരും പുറത്തായി. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും ആര്‍.അശ്വിനും ബംഗ്ലാദേശിന്റെ വാലറ്റത്തിന് പിടിച്ചു നില്‍ക്കാന്‍ അവസരം നല്‍കാതെ ഇന്ത്യക്ക് അവസാന ദിവസം വിജയം സമ്മാനിക്കുകയായിരുന്നു. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയുടെ പരാജയമറിയാത്ത തുടര്‍ച്ചയായ ആറാം പരമ്ബരയാണിത്. മൂന്നിന് 103 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച സന്ദര്‍ശകര്‍ക്ക് മൂന്നു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ തന്നെ നാലാം വിക്കറ്റ് നഷ്ടമായി. 22 റണ്‍സെടുത്ത സാക്കിബുള്‍ ഹസനെ ജഡേജ പുറത്താക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിലെ സെഞ്ചുറിക്കാരന്‍ മുഷ്ഫിക്കര്‍ റെഹിമായിരുന്നു(23) അടുത്ത ഇര. അശ്വിനായിരുന്നു വിക്കറ്റ്. പിന്നീട് 64 റണ്‍സെടുത്ത് ഇന്നിങ്സ് മുന്നോട്ട് നയിച്ച മഹ്മൂദുള്ളയെ പുറത്താക്കി ഇഷാന്ത് ശര്‍മ്മ കാര്യങ്ങള്‍ എളുപ്പമാക്കി.22 റണ്‍സെടുത്ത സാബിര്‍ റഹ്മാനേയും ഇഷാന്ത് വീഴ്ത്തി. 23 റണ്‍സെടുത്ത മെഹ്ദി ഹസ്സനെ ജഡേജ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. ആറു റണ്ണെടുത്ത തൈജുല്‍ ഇസ്ലാമിനെയും ജഡേജ പുറത്താക്കിയപ്പോള്‍ ഒരു റണ്ണെടുത്ത തസ്കിന്‍ അഹമ്മദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ഇന്ത്യക്ക് വിജയമൊരുക്കി.

നേരത്തെ ഇരട്ട ശതകം നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും സെഞ്ചുറിയടിച്ച മുരളി വിജയുടെയും വൃദ്ധിമാന്‍ സാഹയുടെയും മികവില്‍ ഇന്ത്യ ആദ്യ ഇന്നിങ്സ് ആറു വിക്കറ്റിന് 687 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 388 റണ്‍സിന് എല്ലാവരും പുറത്തായി. പിന്നീട് ലീഡുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റിന് 159 എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത് 459 റണ്‍സിന്റെ വിജയലക്ഷ്യം ബംഗ്ലാദേശിന് മുന്നില്‍ വെക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY