വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; അന്വേഷണം ഊര്‍ജ്ജിതം

243

കാസര്‍കോട്: വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കാസര്‍കോട്ടെ പെട്രോള്‍ പമ്പുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നാലംഗ സംഘത്തിലെ ഒരാള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പൊലീസിന്‍റെ പിടിയിലായിരുന്നു.

കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശി മുഹമ്മദ് സാബിദാണ് പൊലീസിന്‍റെ പിടിയിലായിട്ടുള്ളത്. വ്യാജ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് സമാനതട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ കൊച്ചിയില്‍ പൊലീസിന്‍റെ പിടിയിലായത്.
പെട്രോള്‍ പമ്പുകളിലും പ്രമുഖ വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിട്ടുള്ളത്.വാങ്ങുന്ന സാധനങ്ങളുടെ വിലയെക്കാള്‍ വലിയ തുക വ്യാജക്രെഡിറ്റ് കാര്‍ഡിലൂടെ ട്രാൻസ്ഫര്‍ ചെയ്യുകയും വ്യത്യാസമുള്ള തുക സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുകയും ചെയ്യുകയാണ് ഇവരുടെ തട്ടിപ്പ് രീതി.
ചൗക്കിയിലെ പെട്രോള്‍ പമ്പില്‍ നിന്നു 4200 രൂപക്ക് ഇന്ധനം വാങ്ങിയ സംഘം പമ്പുടമയുടെ പേരിലുള്ള ബാങ്ക് അകൗണ്ടിലേക്ക് ട്രാൻസ്ഫര്‍ ചെയ്തത് 10,000 രൂപ. ഇന്ധന വില കഴിച്ചുള്ള 5800രൂപ പണമായി സംഘം തിരിച്ചുവാങ്ങി.പിന്നീട് ബാങ്ക് അകൗണ്ട് പരിശോധിച്ചപ്പോഴാണ് ഇന്ധനത്തിന്‍റെ പണവും ബാക്കി നല്‍കിയ രൂപയും നഷ്ടമായ വിവരം പമ്പുടമ അറിഞ്ഞത്.
വിദേശത്ത് സൂപ്പര്‍ മാര്‍ക്കെറ്റില്‍ ജോലിചെയ്യുന്നതിനിയിലാണ് നാലംഗസംഘം ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തി വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍മ്മിച്ചതെന്നാണ് പൊലീസിന് കിട്ടിയിട്ടുള്ള വിവരം. അറസ്റ്റിലായ മുഹമ്മദ് സാബിദിന്‍റെ കൂട്ടുപ്രതികളായ കാസര്‍ഗോഡ് സ്വദേശികളായ നാലംഗ സംഘത്തെക്കുറിച്ചും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.