കൊറോണ വൈറസ് കാസറഗോഡ് ജില്ലയിലെ വിദ്യാര്‍ത്ഥിക്കും

119

തിരുവനന്തപുരം: കാസറഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഞായറാഴ്ച വരെ 104 സാമ്ബിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം തടയാന്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലങ്ങള്‍ കാത്തിരിക്കുകയാണെന്നും സഭയെ മന്ത്രി അറിയിച്ചു.

NO COMMENTS