വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനത്തിന് നിയന്ത്രണം – കര്‍ശന സുരക്ഷ – ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി.

157

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. വോട്ടെണ്ണല്‍ ജോലിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി, ചീഫ് കൗണ്ടിങ് ഏജന്റ്, വരണാധികാരിയില്‍നിന്നോ ഉപ വരണാധികാരിയില്‍നിന്നോ അനുമതി പത്രം ലഭിച്ചിട്ടുള്ള കൗണ്ടിങ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന പാസ് ലഭിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കൂ. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല.

കൗണ്ടിങ് ഏജന്റുമാര്‍ 23ന് രാവിലെ 7.30നു മുന്‍പായി അനുവദിച്ചിട്ടുള്ള കൗണ്ടിങ് ഹാളില്‍ പ്രവേശിക്കണം. കൗണ്ടിങ് പൂര്‍ത്തിയാകുന്നതുവരെ ഇവര്‍ ഹാളില്‍ ഉണ്ടായിരിക്കേണ്ടതാണ്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയവ ഹാളില്‍ കൊണ്ടുവരാന്‍ പാടില്ല. സ്ഥാനാര്‍ഥികള്‍, ചീഫ് ഏജന്റ് എന്നിവരുടെ വാഹനങ്ങള്‍ മാത്രമേ മാര്‍ ഇവാനിയോസ് കോളജിന്റെ പ്രധാന കവാടത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ.

കൗണ്ടിങ് ഏജന്റുമാരുടെ വാഹനങ്ങള്‍ മാര്‍ ഇവാനിയോസ് കോളജിന്റെ പ്രധാന കവാടത്തിനു പുറത്ത് പൊലീസ് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പ്രധാന ഗേറ്റില്‍നിന്ന് ബന്ധപ്പെട്ട കൗണ്ടിങ് സെന്ററിനു സമീപം വരെ എത്തുന്നതിന് പ്രത്യേക വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

NO COMMENTS