ഗ്രാമപഞ്ചായത്തുകളിൽ കെട്ടിട നിർമാണ അനുമതി – അദാലത്തുകളുടെ നടപടിക്രമങ്ങൾ നിശ്ചയിച്ചു.

102

നിലം, നഞ്ച, തണ്ണീർത്തടത്തിന് കളക്ടറുടെ പ്രതിനിധിയുടെ ശുപാർശ വാങ്ങും.
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതെങ്കിൽ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അഭിപ്രായം തേടും
തീരദേശ സംരക്ഷണ നിയമത്തിൽ ഉൾപ്പെട്ടവയ്ക്ക് KCZMA പ്രതിനിധിയുടെ അഭിപ്രായം

ഗ്രാമപഞ്ചായത്തുകളിലെ കെട്ടിട നിർമാണ അനുമതി സംബന്ധിച്ച പരാതികളിൽ അദാലത്ത് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ നിശ്ചയിച്ച് സർക്കാർ സർക്കുലറിറക്കി. നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ വകുപ്പ്തല കർശന നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
കെട്ടിട നിർമാണ അനുമതി, കെട്ടിട നിർമാണ ക്രമവൽക്കരണം, ഒക്കുപ്പെൻ സി/കെട്ടിട നമ്പർ എന്നിവയ്ക്കായി ഗ്രാമപഞ്ചായത്തുകളിൽ ലഭിച്ചിട്ടുള്ള അപേക്ഷകളിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ തീർപ്പാക്കാൻ കഴിയുന്ന അപേക്ഷകളിൽ 10നകം നടപടികൾ തീർപ്പാക്കി മൂന്ന് ദിവസത്തിനകം അപേക്ഷകരെ വിവരം അറിയിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ സത്വര നടപടി കൈക്കൊള്ളണം. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗം ആവശ്യമായ സഹായം ഗ്രാമപഞ്ചായത്തുകൾക്ക് നൽകണം.

2019 മേയ് 31 വരെ ലഭിച്ചതും ഗ്രാമപഞ്ചായത്ത് തലത്തിൽ തീർപ്പാക്കാൻ കഴിയാത്തതുമായ അപേക്ഷകളുടെ വിശദാംശങ്ങൾ, കെട്ടിട നിർമ്മാണ അനുമതി, കെട്ടിട നിർമ്മാണ ക്രമവൽക്കരണ അനുമതി, ഒക്കുപ്പെൻസി/കെട്ടിട നമ്പർ എന്നിവയ്ക്കുള്ള അപേക്ഷകളുടെ വെവ്വേറെയുള്ള പട്ടിക തയ്യാറാക്കി അഭിപ്രായക്കുറിപ്പ് സഹിതം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് 11ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് ലഭ്യമാക്കണം.

മറ്റ് വകുപ്പുകളുടെ അനുമതി ആവശ്യമുള്ളവയും അപേക്ഷ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടും മറുപടി ലഭിക്കാത്തതുമായവയുടെ വിശദാംശങ്ങൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകുന്ന പട്ടികയിൽ പ്രത്യേകം രേഖപ്പെടുത്തണം. ഇത്തരത്തിലുള്ള അപേക്ഷകളിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ തീർപ്പാക്കുന്നതിന് വകുപ്പ്/സ്ഥാപനവുമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടെലഫോൺ മുഖേനയോ നേരിട്ടോ ബന്ധപ്പെടണം.

ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് അദാലത്തിനായി കൈമാറുന്ന പട്ടികയിൽ പരിഗണിക്കേണ്ടതായ അപേക്ഷകൾ വിട്ടുപോയിട്ടില്ലെന്ന് ഉറപ്പു വരുത്തണം.

അദാലത്തിൽ പരിഗണിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന വിവരങ്ങൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ സൂക്ഷ്മ പരിശോധന നടത്തി അദാലത്ത് നടത്തേണ്ട തിയതിയും സ്ഥലവും സമയവും നിശ്ചയിക്കണം. ഇതിന്റെ വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ അറിയിച്ച് അദാലത്ത് 31നകം നടത്തണം. സെക്രട്ടറിമാർ തിയതി അപേക്ഷകരെ കത്ത് മുഖേന നേരിട്ട് അറിയിച്ച് കൈപ്പറ്റ് പകർപ്പ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് ലഭ്യമാക്കണം.

ഓരോ ജില്ലയിലും അദാലത്ത് നടത്തുന്നത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ആയിരിക്കണം. അദാലത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും ഗ്രാമപഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും വിപുലമായ പ്രചരണം, പത്രദൃശ്യ മാധ്യമങ്ങളിലൂടെയും നോട്ടീസ്, ബാനർ എന്നിവയിലൂടെയും നടത്തണം. അദാലത്ത് കഴിയുന്നതുവരെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസുകളിൽ പ്രത്യേക സെൽ രൂപീകരിച്ച് പ്രവർത്തിക്കണം.

അദാലത്തിലേക്ക് നേരിട്ട് അപേക്ഷ നൽകുന്നവർ വെള്ളക്കടലാസിൽ വിശദാംശങ്ങൾ, പൂർണ്ണമായ മേൽവിലാസം, മൊബൈൽ നമ്പർ, ഗ്രാമപഞ്ചായത്തിന്റെ പേര് എന്നിവ രേഖപ്പെടുത്തി 11നകം ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കണം.

അദാലത്തിൽ ജില്ലാ കളക്ടറുടെ പ്രതിനിധി, ജില്ലാ ടൗൺപ്ലാനർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, എൽ.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനീയർ എന്നിവരുടെ സാന്നിദ്ധ്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ഉറപ്പുവരുത്തണം. തീരദേശ സംരക്ഷണ നിയമം ബാധകമായ ജില്ലകളിൽ അത്തരം അപേക്ഷകളുണ്ടെങ്കിൽ KCZMA ജില്ലാതല കമ്മിറ്റി ചുമതലപ്പെടുത്തുന്ന അംഗത്തെക്കൂടി പങ്കെടുപ്പിക്കണം.

അദാലത്തിൽ പരിഗണിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നേരിട്ട് ലഭിക്കുന്നതും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ലഭ്യമാക്കുന്നതുമായ എല്ലാ അപേക്ഷകളിലും അദാലത്തിനു മുമ്പ് ബന്ധപ്പെട്ട പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാർ മുഖേന നേരിട്ട് സൈറ്റ് പരിശോധന നടത്തി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ വസ്തുതാ റിപ്പോർട്ട് ശുപാർശ സഹിതം വാങ്ങണം. നേരിട്ടുള്ള സൈറ്റ് പരിശോധനയ്ക്ക് ആവശ്യമാണെങ്കിൽ ഒരു അസിസ്റ്റന്റ് എൻജിനീയറുടെ സേവനം കൂടി പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാർ പ്രയോജനപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

അദാലത്തിൽ ഉടമസ്ഥാവകാശം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാകളക്ടറുടെ പ്രതിനിധിയിൽ നിന്നുള്ള സേവനം പ്രയോജനപ്പെടുത്തണം.

അദാലത്തിൽ പരിഗണിക്കുന്ന കേസുകളിൽ പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 220(ബി) യുടെ ലംഘനം ഉള്ളതായി സംശയമുണ്ടെങ്കിൽ വിഷയത്തിൽ ജില്ലാ ടൗൺ പ്ലാനർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ എന്നിവർ ചേർന്ന് അദാലത്തിന് ശേഷം ഏഴു ദിവസത്തിനകം സ്ഥലപരിശോധന നടത്തി തീരുമാനമെടുക്കണം.

അദാലത്തിൽ പരിഗണിക്കുന്ന കേസുകളിൽ റവന്യൂ രേഖയിൽ നിലം, നഞ്ച, തണ്ണീർത്തടം എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതാണ് തടസ്സമെങ്കിൽ അത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ പ്രതിനിധിയുടെ ശുപാർശ വാങ്ങി തുടർനടപടി കൈക്കൊള്ളണം. 2008ലെ കേരള നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയിട്ടുള്ള ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതാണ് തടസമെങ്കിൽ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അഭിപ്രായം വാങ്ങി തുടർനടപടിയും തീരദേശ സംരക്ഷണ നിയമമാണ് തടസമെങ്കിൽ KCZMA പ്രതിനിധിയുടെ അഭിപ്രായം വാങ്ങി തുടർനടപടിയും കൈക്കൊള്ളണം.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ അപേക്ഷകളുടെ എണ്ണവും, ഗ്രാമപഞ്ചായത്തിന്റെ സ്ഥലവും കണക്കിലെടുത്ത് അദാലത്തിനുള്ള തിയതിയും, സ്ഥലവും സമയവും നിശ്ചയിക്കണം. അദാലത്തിൽ പങ്കെടുക്കുന്ന അപേക്ഷകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഗ്രാമപഞ്ചായത്തുകളുടെ സാഹയത്തോടെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ഒരുക്കണം. അദാലത്തിന്റെ സ്ഥലവും തീയതിയും സമയവും രേഖാമുലം അറിയിക്കുന്നതോടൊപ്പം എസ്.എം.എസ്. മുഖേനയും പത്രദൃശ്യ മാധ്യമങ്ങളിലൂടെയും അറിയിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ സ്വീകരിക്കണം.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ അദാലത്തിനായി ലഭിക്കുന്ന എല്ലാ അപേക്ഷകളും സ്വീകരിച്ച് പ്രത്യക നമ്പർ നൽകി വിശദ വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. അദാലത്ത് ദിവസം തന്നെ അപേക്ഷയിൽ തീരുമാനം കൈക്കൊള്ളണം. വിവരം അപേക്ഷകരെ നേരിട്ട് അറിയിച്ച് ഒരു പകർപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സൂക്ഷിക്കണം. ഹാജരാകാത്ത അപേക്ഷകരെ തപാൽ മുഖേനയോ എസ്.എം.എസ്. മുഖേനയോ വിവരം അറിയിക്കണം.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ അദാലത്തിലേക്ക് ആവശ്യമായ ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കണം. തീരുമാനം അന്നുതന്നെ അപേക്ഷകനെ അറിയിക്കണം.
ഗ്രാമപഞ്ചായത്ത് തലത്തിൽ 10 വരെ തീർപ്പാക്കിയ അപേക്ഷകൾ സംബന്ധിച്ച വിശദാംശങ്ങൾ 15നകം പെർഫോർമ രണ്ടിലും അദാലത്തിന് പരിഗണിക്കുന്ന അപേക്ഷകൾ സംബന്ധിച്ച വിശദാംശങ്ങൾ 20നകം പെർഫോർമ മൂന്നിലും അദാലത്ത് നടത്തിയ വിശദാംശങ്ങൾ ആഗസ്റ്റ് എട്ടിനകം പെർഫോർമ നാലിലും പഞ്ചായത്ത് ഡയറക്ടർക്ക് ലഭ്യമാക്കണം.

ശരിയായ കാരണങ്ങളില്ലാതെ ജൂലൈ 31ന് ശേഷം മേയ് 31നോ അതിനുമുമ്പോ ലഭിച്ച കെട്ടിട നിർമ്മാണാനുമതി, കെട്ടിട ക്രമവത്കരണാനുമതി, ഒക്കുപ്പെൻസി/കെട്ടിട നമ്പറിംഗ് എന്നിവക്കുള്ള അപേക്ഷകൾ തീർപ്പാക്കാതെ ഗ്രാമപഞ്ചായത്തുകളിൽ അവശേഷിക്കരുത്.

NO COMMENTS