കേരളത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ഉല്ലാസകേന്ദ്രത്തിനുള്ള കോണ്ടെ നാസ്റ്റ് പുരസ്‌കാരം

202

തിരുവനന്തപുരം: സ്വന്തം വിനോദ സഞ്ചാരപ്പെരുമയ്ക്ക് ആവര്‍ത്തിച്ചുള്ള അംഗീകാരം ഉറപ്പാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച ഉല്ലാസ കേന്ദ്രത്തിനുള്ള പ്രശസ്തമായ കോണ്ടെ നാസ്റ്റ് യാത്രാമാസികയുടെ 2016ലെ അവാര്‍ഡ് കേരളം കരസ്ഥമാക്കി. വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വെയിലൂടെയാണ് കേരളത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. അടുത്ത കാലത്ത് കേരളത്തിനു ലഭിക്കുന്ന മൂന്നാമത്തെ ജനപ്രിയ അവാര്‍ഡാണിത്. മികച്ച കുടുംബ വിനോദ സഞ്ചാരത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് പുരസ്‌കാരവും മികച്ച മധുവിധു ലക്ഷ്യസ്ഥാനത്തിനുള്ള ട്രാവല്‍ പ്ലസ് ലീഷര്‍ മാസികയുടെ പുരസ്‌കാരവും കേരളത്തിനു ലഭിച്ചിരുന്നു.

ന്യൂഡല്‍ഹി ലോധി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസത്തിനു വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ കെ.രാധാകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മുഖ്യാതിഥിയായ കേന്ദ്ര ടൂറിസം സെക്രട്ടറി ശ്രീ വിനോദ് സുത്ഷി, ചലച്ചിത്രതാരം അദിതി റാവു ഹൈദരി, ട്രാവല്‍ ടൂറിസം രംഗത്തെ പ്രമുഖര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാജ്യാന്തര യാത്രാമാസികയായ കോണ്ടെ നാസ്റ്റ് ഇന്റര്‍നാഷനലിന്റെ ഇന്ത്യന്‍ പതിപ്പ്, ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ഏറ്റവും മികച്ച സംരംഭങ്ങള്‍ക്കു നല്‍കുന്ന പുരസ്‌കാരം രണ്ടുമാസത്തിലേറെ നീളുന്ന വായനക്കാരുടെ വോട്ടിങ് പ്രക്രിയയിലൂടെയാണ് നിര്‍ണയിക്കപ്പെടുന്നത്.

ഉല്ലാസത്തിനും പുനരുജ്ജീവനത്തിനുമായി സഞ്ചാരികള്‍ കേരളത്തെ അംഗീകരിച്ചുവെന്നത് ഒരു ബഹുമതിയാണെന്ന് ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രകൃതിദത്തമായ സൗന്ദര്യത്തിന് പേരുകേട്ട കേരളത്തിന് ലോകത്തിന്റെ പല മേഖലകളുമായുമുള്ള ചരിത്രബന്ധങ്ങള്‍ മികച്ച ഉല്ലാസ കേന്ദ്രമെന്ന ജനപ്രിയത നല്‍കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഞ്ചാരികളുടെ പറുദീസയെന്ന കേരളത്തിന്റെ ബഹുമതി ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് പുരസ്‌കാരമെന്ന് കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി. പറഞ്ഞു.

ഹൗസ്‌ബോട്ടുകളിലെ താമസവും സ്വര്‍ഗീയത പകരുന്ന ബീച്ചുകളിലെ വിശ്രമവും ഗ്രാമീണജീവിതത്തിന്റെ നിര്‍വൃതിയും പാരമ്പര്യകലകളുടെ ദൃശ്യാനുഭവവും നാടന്‍ രുചി വൈവിധ്യങ്ങളുമെല്ലാം ചേര്‍ന്ന് കേരളത്തെ അടുത്തും അകലെയുമുള്ള സഞ്ചാരികള്‍ക്ക് സമ്പൂര്‍ണ ഉല്ലാസാനുഭവമാക്കുകയാണ്. ഉല്ലാസയാത്രകള്‍ക്ക് കേരളം നല്‍കുന്ന അവസരങ്ങള്‍ അനന്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ വിഭാഗത്തില്‍ 2015-ല്‍ റണ്ണര്‍ അപ് ആയിരുന്ന കേരളം ഇത്തവണ, ആറാമത് കോണ്ടെ നാസ്റ്റ്-ഇന്ത്യ അവാര്‍ഡ് ഗോവയുമായി പങ്കിടുകയായിരുന്നു.

ബീച്ചുകള്‍ മുഖ്യ ആകര്‍ഷണമായ കേരളത്തില്‍ കായലോരങ്ങളുടെ തനതുഭംഗിയും നൃത്തവും സംസ്‌കാരികത്തനിമയുമെല്ലാം യാത്രക്കാരെ മോഹിപ്പിക്കുന്നുണ്ട്. ഒഴിവുവേളകള്‍ അവിസ്മരണീയമാക്കാനായി പുതിയ ഉല്ലാസകേന്ദ്രങ്ങളും അതിഥികളെ വരവേല്‍ക്കാന്‍ തയാറായിക്കൊണ്ടിരിക്കുന്നു. വൈവിധ്യമുള്ള ഉല്ലാസയാത്രകളും കേന്ദ്രങ്ങളും കേരളത്തിലുണ്ടെന്നതിന്റെ പ്രതിഫലനമാണ് കോണ്ടെ നാസ്റ്റ് അവാര്‍ഡെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ യു.വി ജോസ് പറഞ്ഞു. മാനസികോല്ലാസം ആഗ്രഹിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് തെരഞ്ഞെടുക്കാന്‍ ഇവിടെ ധാരാളം സാധ്യതകളുണ്ട്. അവര്‍ക്കു ലഭിക്കുന്ന നല്ല അനുഭവങ്ങളാണ് കേരളത്തിന് തുടര്‍ച്ചായി ലഭിക്കുന്ന ഈ അവാര്‍ഡുകളിലൂടെ തെളിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY