ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് കോണ്‍ഗ്രസ്

186

ന്യൂഡല്‍ഹി • സംസ്ഥാനത്ത് ഈ മാസം 28നു പ്രഖ്യാപിച്ചിരിക്കുന്ന ഇടതുമുന്നണി ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് കോണ്‍ഗ്രസ്. ജനങ്ങള്‍ക്ക് ഇരട്ടി ദുരിതം നല്‍കുന്ന നടപടിയാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ നടത്തുന്ന കാര്യം കോണ്‍ഗ്രസ് നേരത്തെ ആലോചിച്ചിരുന്നതാണ്. എന്നാല്‍ പണ ദൗര്‍ലഭ്യം മൂലം കഷ്ടപ്പെടുന്ന ജനത്തിന് കൂടുതല്‍ ദുരിതമുണ്ടാകുമെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഇതില്‍നിന്ന് പിന്‍മാറിയത്. തിങ്കളാഴ്ച യുഡിഎഫ് എംഎല്‍എമാര്‍ രാജ്ഭവന്‍ പിക്കറ്റ് ചെയ്യുമെന്നും ചെന്നിത്തലയും വി.എം.സുധീരനും ഡല്‍ഹിയില്‍ പറഞ്ഞു. പാര്‍ട്ടിയിലെ പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി ഇവിടെ എത്തിയതായിരുന്നു ഇരുവരും. ജനങ്ങളെ കൂടുതല്‍ കഷ്ടത്തിലാക്കുന്ന തീരുമാനങ്ങള്‍ വേണ്ടിയിരുന്നില്ല എന്ന അഭിപ്രായമാണ് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും പങ്കുവച്ചത്. 28ന് ഓരോ പാര്‍ട്ടിയും അവരുടേതായ നിലയ്ക്ക് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഉരുത്തിരിഞ്ഞിരിക്കുന്ന ധാരണ. ഇതനുസരിച്ച്‌ അന്നേ ദിവസം ഇടതുമുന്നണി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ നോട്ടുപ്രതിസന്ധിയേത്തുടര്‍ന്ന് അവതാളത്തിലായ ജനജീവിതം കൂടുതല്‍ ദുസഹമാക്കാനേ ഉപകരിക്കൂ എന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ദുരിതം അകറ്റാന്‍ ശ്രമിക്കുമ്ബോള്‍ അത് കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുന്ന രീതിയിലാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 28ന് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി കോണ്‍ഗ്രസും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സുധീരന്‍ അറിയിച്ചു. ഇതില്‍ മാറ്റമില്ല. തുടര്‍ പ്രതിഷേധ പരിപാടികളുടെ കാര്യം പിന്നീട് പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY