കുന്നത്തുകാലിൽ കൊല്ലപ്പെട്ട വർഗീസിന്റെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകണം- സംസ്ഥാന ഭിന്നശേഷി കമ്മീഷണർ

24

തിരുവനന്തപുരം കുന്നത്തുകാലിൽ സ്ഫോടക വസ്തു എറിഞ്ഞുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ട വർഗീസ് എന്ന ഭിന്നശേഷിക്കാരന്റെ അവകാശികൾക്ക് അഞ്ചുലക്ഷത്തിൽ കുറയാത്ത തുക സാമ്പത്തിക സഹായമായി നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവായി.
കോടതി വർഗീസിന്റെ അവകാശികൾക്ക് നഷ്ടപരിഹാരം അനുവദിക്കുന്ന പക്ഷം, അതിൽ സർക്കാർ അനുവദിക്കുന്ന തുക വകയിരുത്താൻ സർക്കാരിന് കോടതിയോട് അഭ്യർഥിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

വർഗീസ് കൊലചെയ്യപ്പെട്ട സംഭവത്തിൽ മാരായമുട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂട്ടിച്ചേർത്ത് കോടതിക്ക് അടിയന്തിര റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി, മാരായമുട്ടം സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ നടപടി സ്വീകരിക്കണം.

സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കേസിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഗൂഡാലോചന പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള അന്വേഷണം കുറ്റമറ്റതും സമയബന്ധിതവുമായി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി എന്നിവർ നടപടി സ്വീകരിക്കണം.

കേസിന്റെ പ്രോസിക്യൂഷൻ നടപടികൾ പഴുതടച്ചു നടത്തി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിന് പ്രഗത്ഭനായ അഭിഭാഷകനെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം.

കൊല്ലപ്പെട്ട വർഗീസിന്റെ കുടുംബത്തിന്റെ ദുസ്ഥിതിയും ദയനീയ സാഹചര്യങ്ങളും പരിഗണിച്ച് സർക്കാർ/പൊതുമേഖലാ സ്ഥാപനത്തിൽ ജോലി നൽകുന്ന കാര്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു.

NO COMMENTS