കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി

144

5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭ്യമാകുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (പരിഷ്‌കരിച്ച ആര്‍.എസ്.ബി.വൈ പദ്ധതി) യുടെ രണ്ടാംഘട്ട കാര്‍ഡ് വിതരണം മീനങ്ങാടി, പൂതാടി, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളില്‍ ആരംഭിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നീ മുനിസിപ്പാലിറ്റികളിലും തവിഞ്ഞാല്‍, എടവക, തിരുനെല്ലി, പൊഴുതന പഞ്ചായത്തുകളിലും കാര്‍ഡ് വിതരണം നടക്കുന്നുണ്ട്.

താലൂക്കടിസ്ഥാനത്തില്‍ കല്‍പ്പറ്റ മുണ്ടേരി റോഡിലുള്ള ശിശുമന്ദിരം, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഹാള്‍, മാനന്തവാടി ടൗണ്‍ഹാള്‍ എന്നിവിടങ്ങളില്‍ പൊതുവായി കാര്‍ഡ് പുതുക്കുന്നതിനുള്ള സൗകര്യമുണ്ട്. പുതിയ പദ്ധതിയില്‍ അംഗത്വം നേടുന്നതിനായി മാര്‍ച്ച് 31 വരെ സാധുതയുണ്ടായിരുന്ന ആര്‍.എസ്.ബി.വൈ കാര്‍ഡ് അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ കത്ത്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുമായി കുടുംബത്തിലെ ഒരംഗം പഞ്ചായത്തിലെ കാര്‍ഡ് വിതരണ കേന്ദ്രത്തില്‍ എത്തണം.

കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കുള്ള കാര്‍ഡ് വിതരണത്തിന് വരും ഘട്ടങ്ങളില്‍ പഞ്ചായത്തുകളിലും ആശുപത്രികളിലുമായി സൗകര്യമൊരുക്കും. പദ്ധതിയില്‍ ചേരുന്നതിന് കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ല. ഓരോ അംഗത്തിനും പ്രത്യേകം പേപ്പര്‍ കാര്‍ഡ് ലഭിക്കും. ഒരു കുടുംബത്തിന് 50 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.

വാര്‍ഡ്തല കാര്‍ഡ് വിതരണ തീയ്യതി സംബന്ധിച്ച വിവരങ്ങള്‍ക്കും പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പഞ്ചായത്തുമായോ പഞ്ചായത്തിലെ കുടുംബശ്രീയുമായോ ബന്ധപ്പെടാം.ഫോണ്‍ നമ്പര്‍: 04936 – 204995, 9633980996.

NO COMMENTS