കമ്മ്യൂണിറ്റി കിച്ചൺ – മാർഗനിർദേശങ്ങളായി

97

തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ഒത്തുചേർന്ന് കുടുംബശ്രീ യുടെ അഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കിച്ചൺ രൂപീകരിക്കുന്നതിന് മാർഗ്ഗദിർദ്ദേശങ്ങൾ നൽകി ഉത്തരവായി.എല്ലാ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നുകൊണ്ടാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭി ക്കുന്നത്. കുടുംബശ്രീയുടെ നിലവിലെ ക്യാന്റീൻ/കാറ്ററിങ്ങ് സൗകര്യങ്ങൾ എന്നിവയ്ക്കുപുറമേ തദ്ദേശ സ്ഥാപന ങ്ങളുടെ ഓഡിറ്റോറിയങ്ങൾ, ഹോസ്റ്റലുകൾ, നിലവിലെ പാചകക്കാർ എന്നീ അടിസ്ഥാന സൗകര്യങ്ങളോ ഉചിതമായ മറ്റു സൗകര്യങ്ങളോ ഉപയോഗിച്ച് കിച്ചണുകൾ ദ്രുതഗതിയിൽ ആരംഭിക്കണം.

ഓരോ തദ്ദേശ സ്ഥാപനത്തിന്റേയും ആവശ്യത്തിനനുസരിച്ച് ഒന്നോ അധികമോ കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങാം. പാലിയേറ്റീവ് സംഘടനകൾ, ഇതര സന്നദ്ധ സംഘടനകൾ തുടങ്ങിയവർ നിലവിൽ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണുമായി സഹകരിച്ചും കുടുംബശ്രീ സംരംഭക യൂണിറ്റുകൾക്ക് 20 രൂപയുടെ ഉച്ചയൂണ് വിതരണം ഏറ്റെടുക്കാം.
കമ്മ്യൂണിറ്റി കിച്ചണുകളിൽ 500 മുതൽ 1000 പേർക്കുവരെ ഭക്ഷണം തയ്യാറാക്കാൻ കഴിയുന്ന സംവിധാനങ്ങളുണ്ടായിരിക്കണം.

പ്രദേശികാവശ്യങ്ങൾക്കു ഉതകുന്നതരത്തിൽ 100 മുതൽ 200 പേർക്കുവരെ ഉച്ചയൂണ് വിതരണം ചെയ്യാൻ കഴിയുന്ന ഒന്നിലധികം കിച്ചണുകൾ രൂപീകരിക്കാവുന്നതാണ്. ഇത്തരം കിച്ചണുകളിൽ വിതരണത്തിന് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിരിക്കണം. ഉച്ചയൂണ് വീടുകളിൽ എത്തിക്കാനായി പ്രദേശികമായി തദ്ദേശ സ്ഥാപനത്തിന്റെ ഒരു വോളന്റീയർ ടീം രൂപീകരിക്കാവുന്നതാണ്. ഈ ടീം വീടുകളിൽ ഭക്ഷണം എത്തിക്കുമ്പോൾ അധികമായി അഞ്ച് രൂപ ചാർജ് ഈടാക്കാം.

ക്വാറൻന്റൈനിലോ ഐസലേഷനിലോ കഴിയുന്നവർ, കിടപ്പ് രോഗികൾ, വയോജനങ്ങൾ, തെരുവുകളിൽ താമസിക്കുന്നവർ, ലോഡ്ജുകളിൽ താമസിക്കുന്നവർ തുടങ്ങിയവർക്ക് ഭക്ഷണം മുൻകൂർ ബുക്കിംഗിന് (എസ്.എം.എസ് / വാട്‌സാപ്പ് മുഖേന) ചുരുങ്ങിയത് രണ്ട് ഫോൺ നമ്പർ വീതം ഓരോ യൂണിറ്റും പ്രസിദ്ധീകരിക്കണം. മുകളിൽ പറഞ്ഞവരല്ലാത്ത ആവശ്യക്കാർക്കും കമ്മ്യൂണിറ്റി കിച്ചൺ മുഖേന പാഴ്‌സൽ / പൊതിച്ചോറ് ലഭ്യമാക്കണം.

പഞ്ചായത്തിലെ നിർധന, അഗതി കുടുംബങ്ങൾ, കിടപ്പ് രോഗികൾ, ഭിക്ഷാടകർ, തുടങ്ങിയവർക്ക് കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് സൗജന്യമായി ഭക്ഷണം ലഭ്യമാക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ഇതിനുളള തുക സംഭാവന/സ്‌പോൺസർഷിപ്പ് വഴിയോ തദ്ദേശ സ്ഥാപനങ്ങളുടെ വികസനഫണ്ടിൽ നിന്നോ ചെലവഴിക്കാവുന്നതാണ്. സൗജന്യ ഭക്ഷണത്തിനർഹരായവുരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കണം. സൗജന്യ ഭക്ഷണ വിതരണം തദ്ദേശസ്ഥാപനങ്ങൾ രൂപീകരിച്ച റാപ്പിഡ് റെസ്‌പോൺസ് ടീം വഴി നടത്തണം.

സർക്കാർ വകയിരുത്തിയ പദ്ധതി വിഹിതത്തിൽ നിന്നും കമ്മ്യൂണിറ്റി കിച്ചൺ രൂപീകരണത്തിന് കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ 50,000 രൂപയിൽ അധികരിക്കാത്ത തുക ധനസഹായം അനുവദിക്കണം. കിച്ചണുകൾ വഴി വിതരണം ചെയ്യുന്ന ഓരോ ഊണിനും പത്ത് രൂപ സബ്‌സിഡിയായി യൂണിറ്റുകൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ നേരിട്ടുനൽകണം.

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പാലിക്കപ്പെടേണ്ട ആരോഗ്യ നിബന്ധനകൾ എല്ലാം കമ്മ്യൂണിറ്റി കിച്ചണുകളും പാലിക്കണം.

കമ്മ്യൂണിറ്റി കിച്ചണുകളുടെ കാര്യക്ഷമമായ മേൽനോട്ടത്തിന് ഒരു മോട്ടറിങ്ങ് കമ്മറ്റി രൂപീകരിക്കണം. തദ്ദേശ സ്ഥാപന അദ്ധ്യഷൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ, കുടുംബശ്രീ ചുമതലയുളള ഉദ്യോഗസ്ഥൻ, മെമ്പർ സെക്രട്ടറി, വാർഡ് അംഗം, സി.ഡി.എസ് ചെയർപേഴ്‌സൺ, ഹെൽത്ത് ഇൻസ്‌പെക്ടർ, സന്നദ്ധ പ്രവർത്തകൻ, തദ്ദേശ സ്ഥാപനം നിർദ്ദേശിക്കുന്ന സംഘടനാ പ്രതിനിധി എന്നിവർ സമിതിയിൽ അംഗങ്ങൾ ആയിരിക്കണം.
കമ്മ്യൂണിറ്റി കിച്ചണുകൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ എസ്റ്റാബ്‌ളിഷ്‌മെന്റ് പെർമിറ്റ് ലഭിക്കാനുളള നടപടികൾ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ, ജില്ലാ സപ്ലൈ ഓഫീസർ മുഖേനെ ഏപ്രിൽ ഒന്നിനു മുൻപ് പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു. (ഉത്തരവ് നമ്പർ: സ.ഉ.(സാധ). നം.713/2020/ത.സ്വ.ഭ.വ)

NO COMMENTS