കൊളംബിയ സമാധാനത്തിലേക്ക്; ഗറിലകളുമായി സമാധാനക്കരാര്‍ ഇന്ന് ഒപ്പിടും

222

കാര്‍ട്ടജീന (കൊളംബിയ)• കൊളംബിയയിലെ 52 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനു വിരാമമിടുന്ന അന്തിമ സമാധാനക്കരാറില്‍ കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസും മാര്‍ക്സിസ്റ്റ് വിമതനേതാവ് തിമോചെങ്കോയും (ടിമോലിയോണ്‍ ജിംനെസ്) ഇന്ന് ഒപ്പിടും. കരാര്‍ യാഥാര്‍ഥ്യമാകാന്‍ ജനകീയ അനുമതികൂടി നേടേണ്ടതുണ്ട്. ഇതിനായുള്ള ഹിതപരിശോധന ഒക്ടോബര്‍ രണ്ടിനാണ്. ഹിതപരിശോധനയില്‍ ഈ കരാര്‍ അധികം എതിര്‍പ്പില്ലാതെ അംഗീകരിക്കപ്പെടുമെന്നാണ് അടുത്തിടെ നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയിരിക്കുന്നത്.
ക്യൂബയില്‍ നാലുവര്‍ഷം നീണ്ട സമാധാന ചര്‍ച്ചകള്‍ക്കൊടുവിലാണു ഇരുപക്ഷവും കരാറിന്റെ അന്തിമരേഖ തയാറാക്കിയത്. കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ ഫാര്‍ക് (റവല്യൂഷനറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയ) ഗറിലകള്‍ ഒളിത്താവളങ്ങള്‍ വിട്ട് ഐക്യരാഷ്ട്ര സംഘടനയുടെ ക്യാംപുകളിലേക്കു നീങ്ങും.യുഎന്നാണു വെടിനിര്‍ത്തല്‍ നിരീക്ഷകര്‍. മുന്‍പുണ്ടാക്കിയ മൂന്നു സമാധാനക്കരാറുകളും പരാജയമായിരുന്നു.കൊളംബിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗറില വിഭാഗമായി 1957ല്‍ രൂപം കൊണ്ടതാണു ഫാര്‍ക്. 1990കളുടെ ഒടുവില്‍ 17,000 അംഗങ്ങളുണ്ടായിരുന്നു. 2002ല്‍ അല്‍വാരോ ഉറിബെ പ്രസിഡന്റായിരിക്കെ യുഎസ് പിന്തുണയോടെ നടത്തിയ സൈനികനടപടികളില്‍ ഒട്ടേറെ നേതാക്കള്‍ കൊല്ലപ്പെട്ടതോടെ സംഘടന ക്ഷയിച്ചു. പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസ് പ്രതിരോധമന്ത്രിയായിരുന്ന 2006-2009 കാലയളവിലും ഗറിലകള്‍ക്കു കനത്ത പരാജയം സംഭവിച്ചു. ഇതാണു സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലേക്കു വരാന്‍ സംഘടനയെ പ്രേരിപ്പിച്ചത്.അതേസമയം, മുന്‍ പ്രസിഡന്റ് അല്‍വാരോ ഉറിബെ സമാധാനക്കരാറിനെതിരെ ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. ചെറുകിട സായുധസംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണികളും ഒഴിവായിട്ടില്ല.

NO COMMENTS

LEAVE A REPLY