കഴക്കൂട്ടം-അടൂർ സുരക്ഷാ വീഥി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

56

തിരുവനന്തപുരം : കഴക്കൂട്ടം-അടൂർ സുരക്ഷാവീഥി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്ന പ്രവൃത്തിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്നു ജില്ലകളിലൂടെ കടന്നുപോകുന്ന റോഡിന് 78.65 കി.മീറ്റർ നീളമുണ്ട്. മൊത്തം ചെലവ് 146.67 കോടി രൂപ.

റോഡ് വികസനത്തോടൊപ്പം റോഡ് സുരക്ഷയ്ക്ക് കൂടി പ്രാധാന്യം നൽകുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തർദേശീയ നിലവാരമുള്ള മാതൃകാ സുരക്ഷാ റോഡാണിത്. റോഡ് അപകടങ്ങളുടെ എണ്ണവും, തീവ്രതയും അതുവഴി മരണനിരക്കും കുറയ്ക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ റോഡ് സുരക്ഷാ കർമ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

33 ജംഗ്ഷനുകളുടെ നവീകരണം, സ്‌കൂൾ മേഖലയിൽ ഗേറ്റ് വെ ട്രീറ്റ്മെൻറ്, സോളാർ ലൈറ്റിംഗ്, ആധുനിക റോഡ് മാർക്കിങ്, സൈൻ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ എന്നിവ ഉൾപ്പെടുന്നതാണ് സുരക്ഷാ വീഥി, റോഡപകടങ്ങളിലെ മരണ നിരക്ക് കുറയ്ക്കുന്നതിന് 28.2 കോടി രൂപ ചെലവിൽ പോസ്റ്റ് ക്രാഷ് ട്രോമ കെയർ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിച്ചുവരികയാണ്. മാതൃകാ സുരക്ഷാ ഇടനാഴിയോടനുബന്ധിച്ചുള്ള പ്രദേശങ്ങളിലെ പ്രധാന സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി, അടൂർ ജനറൽ ആശുപത്രി, വാമനപുരത്തെയും കന്യാകുളങ്ങരയിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ സൗകര്യങ്ങളാണ് വർധിപ്പിക്കുന്നത്. 28.2 കോടി രൂപയാണ് ഇതിന് വരുന്ന ചെലവ്. ഏനാത്ത് പാലത്തിൻറെ ബലപ്പെടുത്തലും ഈ പ്രവൃത്തിയുടെ ഭാഗമായി പൂർത്തിയാക്കിയിട്ടുണ്ട്. അഞ്ചുവർഷത്തെ റോഡ് പരിപാലനം ഈ പദ്ധതിയുടെ കരാറിൻറെ ഭാഗമാണ്.

പുനലൂർ-പൊൻകുന്നം റോഡ് നിർമാണത്തിന് ഈ സർക്കാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ലോക ബാങ്ക് അനുമതി നൽകി. രണ്ട് റീച്ച് പ്രവൃത്തി കരാർ വെച്ചു. മൂന്നാമത്തെ റീച്ചും ഉടൻ കരാർ വെക്കും.
ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷനായിരുന്നു. വനം-ക്ഷീരവകുപ്പ് മന്ത്രി കെ. രാജു, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ് സ്വാഗതം പറഞ്ഞു.

കെ.എസ്.ടി.പി. രണ്ടാം ഘട്ടത്തിലെ മിക്കവാറും പദ്ധതികൾ പൂർത്തിയായിട്ടുണ്ട്. തിരുവല്ല ബൈപ്പാസ് (2.3 കി.മീറ്റർ), തലശ്ശേരി കളറോഡ് (28.8 കി.മീ), കളറോഡ്-വളവുപാറ (25.2 കി.മീ) എന്നീ പ്രവൃത്തികൾ പൂർത്തീകരണത്തോട് അടുത്തിരിക്കയാണ്.

NO COMMENTS