പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടാല്‍ കശ്മീരില്‍ സൈന്യത്തെ അയക്കുമെന്ന് ചൈന

253

ന്യൂഡല്‍ഹി: ദോക്ലാം മേഖലയില്‍ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തില്‍ കശ്മീരില്‍ ചൈന ഇടപെട്ടേക്കുമെന്ന് ചൈനീസ് മാധ്യമം. പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടാല്‍ കശ്മീരില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് ചൈനയുടെ ദേശീയ പത്രമായ ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ പറയുന്നു. ചൈനയുടെ വെസ്റ്റ് നോര്‍മല്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ സ്റ്റഡീസിന്റെ സെന്റര്‍ ഡയറക്ടര്‍ ലോംഗ് ചിങ്ചുന്‍ ആണ് ലേഖനം എഴുതിയിരിക്കുന്നത്.ഭൂട്ടാന്റെ പേര് പറഞ്ഞ് ദോക്ലാം മേഖലയില്‍ ഇടപെട്ട ഇന്ത്യ ചൈനയുടെ റോഡ് നിര്‍മാണം തടയുകയായിരുന്നു. ഇതേ തന്ത്രം കശ്മീരിലും പയറ്റാന്‍ തങ്ങള്‍ക്കാകുമെന്ന് ലേഖനത്തില്‍ പറയുന്നു. ഭൂട്ടാന്റെ പരമാധികാരത്തെയും ദേശീയ താത്പര്യങ്ങളെയും ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് ലേഖനം ആരോപിക്കുന്നു. ചൈന, ഇന്ത്യ, ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ദോക്ലാമില്‍ ചൈനയുടെ എതിര്‍പ്പിനെ അവഗണിച്ച്‌ ഇന്ത്യ സൈന്യത്തെ അയച്ചിരുന്നു. ദീര്‍ഘനാള്‍ തങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ സൈന്യം. ഇതിന്റെ ഭാഗമായി പ്രദേശത്ത് ടെന്റ് അടിച്ച്‌ സൈന്യം നിലയുറപ്പിച്ചു. മേഖലയില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായ സൂചന നല്‍കി ദീര്‍ഘനാള്‍ ഇവിടെ നില്‍ക്കുന്നതിനുള്ള സാധന സാമഗ്രികള്‍ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയിലധികമായി ഇരു വിഭാഗവം സൈന്യവും മുഖാമുഖം നില്‍ക്കുകയാണ്.