ദുരന്തങ്ങളെയും വൈഷമ്യങ്ങളെയും മറികടന്ന് മുന്നോട്ടുപോകാനാകണം – മുഖ്യമന്ത്രി പിണറായി വിജയൻ

117

തിരുവനന്തപുരം : ദുരന്തങ്ങളെയും വൈഷമ്യങ്ങളെയും മറികടന്ന് മുന്നോട്ടുപോകാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആത്യന്തികമായി തളരാതെ മുന്നോട്ടുപോകേണ്ടത് നമുക്ക് വേണ്ടി മാത്രമല്ല, വരുംതലമുറയ്ക്ക് വേണ്ടി കൂടിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 73ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചശേഷം അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയ സഹോദരങ്ങളുടെ സ്മരണയ്ക്ക് മുന്നിൽ പ്രണമിക്കുന്നു. അവരുടെ ബന്ധുജനങ്ങളുടെ സങ്കടത്തിനൊപ്പമാണ് നാം. കഴിഞ്ഞവർഷം ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റുന്നവിധം ഒരുമയോടെ നാം സഹജാതരെ രക്ഷിക്കാൻ പ്രവർത്തിച്ചു. തുടർന്നുള്ള ഘട്ടത്തിൽ ഒറ്റമനസ്സായി നാടിന്റെ പുനർനവീകരണത്തിനും ശാക്തീകരണത്തിനും സന്നദ്ധതയോടെ, സജ്ജതയോടെ ഇറങ്ങി. ലക്ഷ്യത്തിലേക്ക് കുതിച്ചെത്തുകയായിരുന്ന ഘട്ടത്തിലാണിപ്പോൾ മറ്റൊരു പ്രകൃതിദുരന്തമുണ്ടായത്.

എല്ലാപ്രതിബന്ധങ്ങളെയും തകർത്ത് ആർജവത്തോടെ മുന്നേറാനും ആ മുന്നേറ്റത്തിൽ ജീവൻപോലും ബലിയർപ്പിക്കാനും സന്നദ്ധരായ നിരവധിയായ ധീരരക്തസാക്ഷികൾ നേടിത്തന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. ഭരണഘടനയുടെ മൂല്യങ്ങളെ കൃഷ്ണമണി പോലെ കാക്കുക എന്നതാണ് ഓരോ സ്വാതന്ത്ര്യദിനവും നൽകുന്ന സന്ദേശം. ഈ മൂല്യങ്ങളുടെ സാക്ഷാത്കാരത്തിൽ നാം എത്രത്തോളം മുന്നോട്ടുപോയി എന്നത് പരിശോധിക്കാനുള്ള സന്ദർഭം കൂടിയാണ്. പരിശോധിച്ച് അപാകങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ തിരുത്താൻ കഴിയണം.

മതത്തിന്റെ പേരിൽ വിവേചനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ നിർഭയത്തോടെ കഴിയാനുള്ള അവസരം നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ മതനിരപേക്ഷത ദുർബലപ്പെടുന്നു എന്നാണ് അർഥം. ജനാധിപത്യ റിപ്പബ്‌ളിക്കായ ഇന്ത്യയിൽ ജനാധിപത്യ പാർട്ടികളുടെ നേതാക്കൾക്ക് വീട്ടുതടങ്കലിൽ വരെ കഴിയേണ്ട അവസ്ഥ ഉണ്ടാകുന്നത് ജനാധിപത്യ സങ്കൽപ്പത്തോട് അടുക്കുകയാണോ അകലുകയാണോ എന്ന് ചിന്തിക്കണം.

സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങൾക്ക് നേർക്കു കടന്നുകയറ്റമുണ്ടായാൽ അത് ഭരണഘടനയുടെയും ഫെഡറൽ ഘടനയുടെയും സത്തയ്ക്ക് എതിരാകും. ഇത്തരം നിരവധി കാര്യങ്ങൾ മുൻനിർത്തി ആത്മപരിശോധനയ്ക്കുള്ള സന്ദർഭം കൂടിയാണ് സ്വാതന്ത്ര്യദിനം. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്‌നവും സങ്കൽപവും സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളിലൂടെയാകണം സ്വാതന്ത്ര്യം നേടിത്തന്ന ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കേണ്ടത്.മതനിരപേക്ഷതയ്ക്ക് പലവിധ വെല്ലുവിളികൾ ഉയരുന്നഘട്ടത്തിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കവലപ്പാറയിലെ ഒരു ആരാധനാലായം കാണിച്ചത് മഹത്തായ മാതൃകയാണ്. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ ആ മുസ്‌ലിം ആരാധനാലയം വിട്ടുനൽകിയത് രാജ്യത്തിന് മുന്നിൽ കേരളത്തിന് ചൂണ്ടിക്കാട്ടാനാകുന്ന മഹത്വപൂർണമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതിന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് തന്റെ ജീവൻതന്നെ ബലികഴിക്കേണ്ടിവന്നു എന്നത് മറക്കാൻ കഴിയില്ല. മതനിരപേക്ഷ മൂല്യങ്ങളെ തല്ലിക്കെടുത്തുന്ന ഇരുട്ടിന്റെ ശക്തികളെ ചെറുത്തുകൊണ്ടല്ലാതെ ആ സ്മരണ നമുക്ക് പുതുക്കാനാവില്ല.സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുവേണ്ടി വലിയവെല്ലുവിളികൾ പോലും നേരിട്ട് ഉറച്ചുനിന്ന് നടപടിയെടുത്താണ് സർക്കാർ മുന്നോട്ടുപോകുന്നത്.

പൊതുവിദ്യാഭ്യാസത്തെ തളർച്ചയുടെ ഘട്ടത്തിൽനിന്ന് വീണ്ടെടുത്ത് ഊർജസ്വലമാക്കി. മാലിന്യപ്രവാഹങ്ങളായ ജലസ്രോതസ്സുകളെ ശുദ്ധീകരിച്ച് അവയുടെ തടങ്ങങ്ങളിൽ വിഷരഹിത കൃഷി വ്യാപിപ്പിച്ചു. ദേശീയതലത്തിൽ ഒഴിവാക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത് അത്തരം സ്ഥാപനങ്ങളെ ലാഭത്തിലാക്കി.
പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തി. ഐടി രംഗത്തെ ആകർഷകമാക്കി.

കിടപ്പാടമില്ലാത്തവർക്ക് ഭവനം ഉണ്ടാക്കുന്ന ശ്രദ്ധേയമായ പദ്ധതി ആവിഷ്‌കരിച്ചു ഫലപ്രദമായി നടപ്പാക്കുന്നു. ആരോഗ്യപരിപാലനം, വിദഗ്ധ ചികിത്‌സ എന്നിവ സാമ്പത്തിക ദുർബലാവസ്ഥയിൽ കഴിയുന്നവർക്കടക്കം പ്രാപ്തമാക്കുന്ന പരിപാടി വലിയ ഒരളവിൽ വിജയിപ്പിച്ചു. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളുടെ സംരക്ഷണത്തിനും ആത്മാഭിമാനത്തോടെയും അതിജീവനത്തിനും സംവിധാനങ്ങൾ ഒരുക്കി.

ഇതെല്ലാം വലിയ പ്രതികൂല അന്തരീക്ഷങ്ങളെ അതിജീവിച്ചാണ് ചെയ്തത്. കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്കക്കെടുതികൾ ഉണ്ടാക്കിയ വിഭവപരിമിതിയായിരുന്നു പ്രതികൂലഘടകം. എന്നാൽ ജനങ്ങൾക്ക് അടിയന്തര ആശ്വാസം എത്തിക്കുന്നതിലും നാടിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനം ഉറപ്പാക്കുന്നതിലും ഒന്നുംതന്നെ തടസ്സമായിക്കൂടാ എന്ന നിഷ്‌കർഷയോടെയാണ് സർക്കാർ നീങ്ങിയത്. അതുകൊണ്ടുതന്നെ അസാധ്യമായത് ഒന്നുമില്ല എന്ന് കേരളജനത തെളിയിച്ചു. അതേ നിശ്ചയദാർഢ്യം തന്നെ ഇപ്പോഴത്തെ വിഷമാവസ്ഥകളിൽനിന്ന് കരകയറുന്നതിനും നമുക്ക് സഹായകമാകും.

അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്രവിരുദ്ധമനോഭാവങ്ങളെയും മനുഷ്യത്വരഹിത വിവേചനങ്ങളെയും ചെറുത്തുകൊണ്ട് സ്‌നേഹഭരിതവും മനുഷ്യത്വപൂർണവും സമത്വസുന്ദരവുമായ കാലത്തെ ഉണർത്തിയെടുക്കാൻ പ്രചോദനം നൽകുന്നതാകട്ടെ സ്വാതന്ത്ര്യദിനമെന്നും മുഖ്യമന്ത്രി ആശംസിച്ചു.

NO COMMENTS