വൃക്കരോഗ ചികിത്സാരംഗത്തെ ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം – മുഖ്യമന്ത്രി പിണറായി വിജയൻ

156

തിരുവനന്തപുരം : വൃക്കരോഗ ചികിത്സാരംഗത്തെ താക്കോൽദ്വാര ശസ്ത്രക്രിയാരീതിയായ റിട്രോ പെരിറ്റോണോസ്‌ കോപ്പി പോലുള്ള ആധുനിക സംവിധാനങ്ങൾ എല്ലാ രോഗികൾക്കും ലഭ്യമാകുന്ന സാഹചര്യമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2009 മുതൽ ഈ സംവിധാനമുണ്ട്. എന്നാൽ പരമ്പരാഗത ശസ്ത്രക്രിയയാണ് കൂടുതൽ പേരും താത്പര്യപ്പെടുന്നത്. ഏറ്റവും സുരക്ഷിതവും ആന്തരികാവയവങ്ങൾക്ക് ക്ഷതമേൽപ്പിക്കാത്തതും ശസ്ത്രക്രിയ മൂലമുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കാത്തതുമായ സംവിധാനമാണിത്.

രോഗികൾ ഇതിന് മുന്നോട്ടുവരാൻ നല്ലരീതിയിലുള്ള ബോധവത്കരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൃക്കരോഗ ചികിത്സാ വിഭാഗത്തിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്താകെ വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മൂന്നു വർഷം മുമ്പ് ലോകജനസംഖ്യയുടെ പത്ത് ശതമാനം വൃക്കരോഗികളായിരുന്നത് ഇപ്പോൾ 14 ശതമാനമായി. നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

രണ്ടര ലക്ഷത്തോളം വൃക്കരോഗികളാണ് സംസ്ഥാനത്തുള്ളത്. അനിയന്ത്രിതമായ പ്രമേഹം, രക്തസമ്മർദ്ദം എന്നിവ വൃക്കരോഗവ്യാപനത്തിന് കാരണമാകുന്നു. 1500 ഓളം പേരാണ് വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കുന്നത്. പലകാരണങ്ങളാൽ ഇതിന് സാധിക്കാത്തവരാണ് പലരും. അതിനാൽ അധികംപേരും ഡയാലിസിസ് ചികിത്സാരീതിയെയാണ് ആശ്രയിക്കുന്നത്.

അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്ത് ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം ആറിരട്ടിയാണ് വർദ്ധിച്ചത്. ഫലപ്രദമായ വൃക്കരോഗ ചികിത്സയ്ക്ക് ഉതകുന്ന നിർദ്ദേശങ്ങൾ വൃക്കരോഗ ചികിത്സാ വിദഗ്ദ്ധരിൽ നിന്നും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലാബീവി, വൃക്കരോഗ ചികിത്സാ വിഭാഗം മേധാവി ഡോ. ജി. വേണുഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS