കോഴിവില കുറയ്ക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് സിപിഎം അനുകൂല സംഘടന

193

തിരുവനന്തപുരം: കോഴിവില കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപാരികള്‍ രംഗത്തെത്തി. ധനമന്ത്രി തോമസ് ഐസകിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കൂടിയ വിലയ്ക്ക് വില്‍ക്കുന്നതിനെതിരെ നടപടിയെടുത്താല്‍ കടകളടച്ച്‌ സമരം നടത്തുമെന്ന മുന്നറിയിപ്പുമായി സി.പി.എം അനുകൂല സംഘടനയായ പോള്‍ട്രി ഫാമേഴ്സ് ആന്റ് ട്രേഡേഴ്സ് സമിതി രംഗത്തെത്തിയിരിക്കുന്നത്. ജി.എസ്.ടി പ്രാബല്യത്തില്‍ വന്നിട്ടും കോഴിയിറച്ചിക്ക് വില കൂടുതല്‍ വാങ്ങുന്നതില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണം അല്ലെങ്കില്‍ ജനം ഇടപെടണം. കോഴി നികുതി പൂര്‍ണായും ഇല്ലാതായിട്ടും വില വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ജി.എസ്.ടി നടപ്പിലാകുന്നതിന്റെ തൊട്ടുമുമ്ബ് ലൈവ് ചിക്കന്റെ വില 14.5 രൂപ നികുതിയടക്കം 103 രൂപയായിരുന്നു. ഇതില്‍ 15 രൂപ നികുതിയായിരുന്നു. അതു കിഴിച്ചാല്‍ 88 രൂപയാണ് വില. ഈ വിലയ്ക്ക് ലൈവ് ചിക്കന്‍ ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. തിങ്കളാഴ്ച മുതല്‍ ഈ വില നിലവില്‍ വരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ കര്‍ശനനിലപാട് സ്വീകരിക്കുമെന്ന വിവരം കോഴി വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്നും തോമസ് ഐസക് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഞായറാഴ്ച വരെ ഇപ്പോഴത്തെ വിലയ്ക്ക് വിറ്റ് നിലവിലെ സ്റ്റോക്ക് തീര്‍ക്കാനാണ് തീരുമാനം. ഞായറാഴ്ച തൃശൂരില്‍ ചേരുന്ന യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. തമിഴ്നാട്ടില്‍ നിന്ന് കോഴി എത്തിക്കുന്നത് നിര്‍ത്തിവച്ച്‌ കടകളടച്ച്‌ സമരം ചെയ്യാനാണ് ആലോചന.