എം കെ രാഘവനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമെന്ന് – രമേശ് ചെന്നിത്തല.

150

കണ്ണൂര്‍: ഒളിക്യാമറ വിവാദത്തില്‍ യുഡിഎഫ് സ്ഥാനാത്ഥി എം കെ രാഘവനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന കണ്ണൂര്‍ റെയ്ഞ്ച് ഐജിയുടെ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമശനമുന്നയിച്ച ചെന്നിത്തല പൊലീസിനെ ഉപയോഗിച്ചുകൊണ്ട് എം കെ രാഘവനെ അപകീര്‍ത്തിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും പറഞ്ഞു.

പൊലീസിനെ ഉപയോഗിച്ചുകൊണ്ട് സിപിഎം എം കെ രാഘവനെ വേട്ടയാടുകയാണ്. വിവാദത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. എം കെ രാഘവനെ മോശക്കാരാനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

പൊലീസിനെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും സ്ഥാനാര്‍ത്ഥികളെ തേജോവധം ചെയ്യാനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എം കെ രാഘവനെ വേട്ടയാടുന്ന പൊലീസ് നടപടിക്കെതിരെ വേണ്ടി വന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എം കെ രാഘവനെ വേട്ടയാടുന്ന പൊലീസ്, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യറാകുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.കണ്ണൂരിലെ യുഡിഎഫ് സ്ഥാനര്‍ത്ഥി കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കെസെടുത്തതും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

NO COMMENTS