മക്കയിലും മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും പരിശോധന കര്‍ശനമാക്കി.

45

ദമാം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമായി ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തിലും കൂടുതല്‍ അരോഗ്യ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് മക്കയിലും മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും പരിശോധന കര്‍ശനമാക്കിയത് . നാളെ മുതല്‍ ഹജ്ജിന് അനുമതി പത്രം ഉള്ളവര്‍ക്ക് മാത്രമായിരിക്കും മക്കയിലേക്ക് പ്രവേശനം അനുവദി ക്കുക.

നിലവില്‍ മക്കയിലെ ഇഖാമ (താമസരേഖ) ഉള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമായിരിക്കും പ്രവേശനാനുമതി ലഭിക്കുക. വിലക്ക് ലംഘിച്ച്‌ മക്കയിലേക്കും വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേക്കും പ്രവേശിക്കുന്നവര്‍ക്ക് പതിനായിരം റിയാലാണ് (ഏകദേശം രണ്ട് ലക്ഷം രൂപ) പിഴ ലഭിക്കുക. കൂടാതെ വിദേശികളെ നാടുകടത്തുകയും ചെയ്യും. ഇവര്‍ക്ക് സഊദിയിലേക്ക് പ്രവേശന വിലക്കും ഏര്‍പ്പെടുത്തും.

ആഗോള വ്യാപകമായി ഉണ്ടായ കൊറോണ വൈറസ് വ്യാപനത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ വര്‍ഷം വിദേശത്ത് നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.ഈ വര്‍ഷം സഊദിയില്‍ കഴിയുന്ന ഏഴായിരം വിദേശികള്‍ക്കും മൂവായിരം സ്വദേശികള്‍ക്കുമാണ് ഹജ്ജിന് അനുമതി. വിദേശികളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഈ വര്‍ഷം വിദേശ ഹാജിമാരെ തിരഞ്ഞെടുക്കുക. ഹജ്ജ് അവസാനിക്കുന്നതോടെ ഹാജിമാര്‍ പതിനാല് ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുകയും വേണം.

ഈ വര്‍ഷം ഹാജിമാര്‍ക്ക് കൂടുതല്‍ സുരക്ഷിതമായി നിര്‍വഹിക്കാനുള്ള സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം പതിനായിരമാക്കി നിജപ്പെടുത്തിയത്.

NO COMMENTS