ചാന്ദ്രയാന്‍ 2 – സോഫ്റ്റ് ലാൻഡിംഗ് – 15 ഭീകര മിനുട്ടുകള്‍ – ഐ എസ്‌ ആര്‍ ഒ ചെയര്‍മാന്‍

196

ബംഗളൂരു: ചാന്ദ്രയാന്‍ രണ്ടിന്റെ ലാൻഡിംഗ് 15 ഭീകര മിനുട്ടുകള്‍ എന്നാണ് ഐ എസ്‌ ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.നിര്‍ണായക നിമിഷങ്ങളാണ് വരാന്‍ പോകുന്നതെന്നും ചാന്ദ്രയാന്‍ രണ്ടിന്റെ സോഫ്റ്റ് ലാന്‍ഡിംഗിനായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും . ഏതാനും മണിക്കൂറുകള്‍ക്കു ള്ളില്‍ ഇതുണ്ടാവുമെന്നും ഐ എസ്‌ ആര്‍ ഒ പ്രഖ്യാപിച്ചിരിക്കുകയാണ്.

ചന്ദ്രന്റെ പ്രതലത്തില്‍ രാത്രി 1.55നാണ് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക. ഇത് ഇറങ്ങുന്ന നിമിഷങ്ങളാണ് ഭീകരമാണെന്ന് ചെയര്‍മാന്‍ വിശേഷിപ്പിച്ചത്. ഇത് പെട്ടെന്ന് ഒരാള്‍ വന്ന് നവജാത ശിശുവിനെ നമ്മുടെ കൈയ്യില്‍ തരുന്നത് പോലെയാണ്. ശരിയായ പിന്തുണയില്ലാതെ നിങ്ങള്‍ക്ക് അതിനെ കൈയ്യിലെടുക്കാന്‍ സാധിക്കുമോ. ആ കുഞ്ഞ് പല ഭാഗത്തേക്കും നീങ്ങി കൊണ്ടിരിക്കും. അതുപോലെയാണ് ലാന്‍ഡറും. അതിനെ കൃത്യമായ രീതിയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും ശിവന്‍ പറഞ്ഞു.

നേരത്തെ മൂണ്‍ ലാന്‍ഡര്‍ വിക്രം ചാന്ദ്രയാനില്‍ നിന്ന് വേര്‍പ്പെട്ടിരുന്നു. ഇത് ചന്ദ്രനുമായുള്ള അകലം കുറച്ച്‌ വരികയാണ്. ഇത് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നതും, സങ്കീര്‍ണമായതുമായ കാര്യമാണ്. ഐഎസ്‌ആര്‍ഒയ്ക്ക് പുതിയ കാര്യവുമാണ് ഇത്. സ്ഥിരമായി ഇത്തരം പ്രക്രിയ നടത്തുന്നവര്‍ക്കും ഇത് കഠിനമായ കാര്യമാണ്. ഇവിടെ ഞങ്ങള്‍ ആദ്യമായിട്ടാണ് ഇത് നടത്തുന്നത്. അതുകൊണ്ട് 15 ഭീകര നിമിഷങ്ങളെന്ന് ലാന്‍ഡിംഗിനെ വിശേഷിപ്പിക്കേണ്ടി വരുമെന്നും ശിവന്‍ പറയുന്നു.

ചന്ദ്രന്റെ ഉപരിതലം നേര്‍ത്തതിനാല്‍ ലാന്‍ഡിംഗ് വളരെ നിര്‍ണായക കടമ്ബയാണ്. പാരച്യൂട്ടുകള്‍ ഉപയോഗിക്കാനും സാധിക്കില്ല. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി, ചന്ദ്രനിലെ സോഫ്റ്റ് ലാന്‍ഡിംഗ് കാണാനായി ഐഎസ്‌ആര്‍ഒ ആസ്ഥാനത്തെത്തും. 60 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്നാണ് പ്രധാനമന്ത്രി ഇത് വീക്ഷിക്കുക. റഷ്യക്കും അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനില്‍ ബഹിരാകാശ വാഹനം ഇറക്കുന്ന നാലാം രാജ്യമാകാനാണ് ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്.

NO COMMENTS