ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ മാര്‍ച്ച്‌ വരെ സാവകാശം നല്‍കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി

167

ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ അടുത്ത മാര്‍ച്ച്‌ വരെ സാവകാശം നല്‍കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി. സംസ്ഥാനത്ത് നവംബര്‍ മുതല്‍ നിയമം നടപ്പാക്കണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കേന്ദ്രഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ വ്യക്തമാക്കി.മാര്‍ച്ച്‌ 31 വരെ സമയപരിധി നല്‍കണമെന്ന് അഭ്യര്‍ഥിച്ച്‌ സംസ്ഥാനഭക്ഷ്യമന്ത്രി പി. തിലോത്തമനും ഭക്ഷ്യ സെക്രട്ടറി മിനി ആന്റണിയും നടത്തിയ കൂടിക്കാഴ്ചയിലാണ് പസ്വാന്‍ കേന്ദ്രത്തിന്റെ നിലപാട് ആവര്‍ത്തിച്ചത്. പദ്ധതി നടപ്പാക്കാത്തതിനാല്‍ എ.പി.എല്‍.വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ സബ്സിഡി എടുത്തുകളഞ്ഞ കേന്ദ്രമന്ത്രിസഭാ തീരുമാനം, നിയമം നടപ്പാക്കുന്നതുവരെ നിലനില്‍ക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
പദ്ധതി നടപ്പാക്കാനായി കേരളം ഇതുവരെ കൈക്കൊണ്ട നടപടികള്‍ ചര്‍ച്ചയില്‍ സംസ്ഥാനം വിശദീകരിച്ചു. ബി.പി.എല്‍, എ.പി.എല്‍. റേഷന്‍കാര്‍ഡുടമകളുടെ കരട് പട്ടിക തയ്യാറാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായും വീടുവീടാന്തരം വിതരണത്തിനായി കൊല്ലം കേന്ദ്രീകരിച്ച്‌ ഗോഡൗണ്‍ സൗകര്യങ്ങള്‍ ഒരുക്കിയതായും വ്യക്തമാക്കി. കംപ്യൂട്ടര്‍വത്കരണത്തിന് ഉടന്‍ ടെന്‍ഡര്‍ വിളിക്കുമെന്ന വിവരവും അറിയിച്ചു. മാര്‍ച്ച്‌ 31-നുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നടപ്പാക്കാമെന്ന് കേരളം അറിയിച്ചു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറാണ് കാലതാമസമുണ്ടാക്കിയതെന്നും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് അഞ്ചു മാസമേ ആയിട്ടുള്ളുവെന്നും കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി.
സമയപരിധി നീട്ടാനാവില്ലെന്നും നവംബര്‍ ഒന്നു മുതല്‍ പദ്ധതി നടപ്പാക്കണമെന്നുമാണ് ചര്‍ച്ചയിലുടനീളം കേന്ദ്രം നിലപാട് സ്വീകരിച്ചത്. ഇതിനായി ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന കരട് മുന്‍ഗണനാ പട്ടിക ഉപയോഗിച്ച്‌ പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചത്. 34 സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കിക്കഴിഞ്ഞെന്നും കേരളവും തമിഴ്നാടും മാത്രമാണ് നടപ്പാക്കാത്തതെന്നും കേന്ദ്രമന്ത്രി പസ്വാന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ നിര്‍ദേശം നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി പി. തിലോത്തമന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കേന്ദ്രത്തിന്റെ സമയപരിധി പാലിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY