ബാങ്ക് തട്ടിപ്പ് ; വിക്രം കോത്താരി അടയ്ക്കേണ്ടത് 3700 കോടി രൂപയാണെന്ന് സിബിഐ

200

ന്യൂഡല്‍ഹി : വായ്പാതട്ടിപ്പ് കേസില്‍ റോട്ടോമാക്പെന്‍ ഉടമ വിക്രം കോത്താരി അടയ്ക്കേണ്ടത് 3700 കോടി രൂപയാണെന്ന് സിബിഐ. 800 കോടിയുടെ തട്ടിപ്പാണെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഏഴു ബാങ്കുകളില്‍ നിന്നാണ് കോത്താരി വായ്പ്പയെടുത്തത്. ബാങ്ക് ഓഫ് ബറോഡ,അലഹബാദ് ബാങ്ക്, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയില്‍നിന്ന് വായ്പയെടുത്ത കോത്താരി ഒരു രൂപപോലും തിരിച്ചടച്ചിട്ടല്ലെന്നാണ് കേസ്. പലിശയടക്കം 5,000 കോടി രൂപയോളം തിരിച്ചടവുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോത്താരിയുടെ ഭാര്യ, മക്കള്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാണ്‍പൂരിലെ കോത്താരിയുടെ വസതിയിലും ഓഫീസിലും സിബിഐ പരിശോധന നടത്തിയത്. ഭാര്യയെയും മകനെയും ചോദ്യം ചെയ്തതിനുശേഷമാണ് കോത്താരിയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തെത്തിച്ച്‌ ചോദ്യം ചെയ്യല്‍ തുടരും. അതിനിടെ പഞ്ചാബ് നാഷണല്‍ തട്ടിപ്പുകേസില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഭൂരിഭാഗം ക്രമക്കേടുകളും നടന്നത് ബ്രാഡി ഹൗസ് ശാഖ കേന്ദ്രീകരിച്ചാണെന്നാണ് സി.ബി.ഐയുടെ വാദം.

NO COMMENTS