ഇ പി ജയരാജനെതിരായ കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

237

കൊച്ചി: ബന്ധുനിയമനവിവാദത്തില്‍ മുന്‍മന്ത്രി ഇ പി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നെന്ന് വിജിലൻസ്. ഹൈക്കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ പി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജയരാജനടക്കമുളള പ്രതികള്‍ വഴിവിട്ട എന്തെങ്കിലും നേട്ടം ഉണ്ടാക്കിയതായി തെളിവില്ലെന്നും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. ബന്ധുനിയമനവിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇപി ജയരാജനും സുധീര്‍ നമ്പ്യാരും സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. കേസ് നിലനില്‍ക്കുമോയെന്ന് വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി. ഇപ്പോഴത്തെ നിലയില്‍ ലഭിച്ച സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ ഇ പി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ല. അഴിമതി നിരോധന നിയമപ്രകാരമാണ് അന്ന് മന്ത്രിയായിരുന്ന ജയരാജനടക്കമുളളവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടത്തല്‍. ജയരാജനടക്കമുളള പ്രതികള്‍ സാമ്പത്തികമായോ അല്ലാതെയോ പദവി ദുരുപയോഗം ചെയ്ത് വഴിവിട്ട എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി തെളിവില്ല. അതിനാല്‍ത്തന്നെ അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് തന്നെ ഹൈക്കോടതിയെ അറിയിച്ചത്.

NO COMMENTS