കേരളത്തില്‍ എല്ലാ ജില്ലകളിലും ക്യാന്‍സര്‍ ചികില്‍സ ലഭിക്കും – മുഖ്യമന്ത്രി പിണറായി വിജയന്‍.

82

തിരുവനന്തപുരം: കേരളത്തിൽ എല്ലാ ജില്ലകളിലും ക്യാന്‍സര്‍ ചികില്‍സ ലഭിക്കുമെന്നും അതിനായി 21 പ്രത്യേക ക്യാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആര്‍സിസി യുടെ സഹകരണത്തോടെയാണ് പുതിയ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ മറ്റ് ക്യാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങളുടെ സഹകരണത്തോടെ സൗകര്യങ്ങള്‍ ഇനിയും വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ കാലത്ത് ചികില്‍സയ്ക്ക് വേണ്ടി കൂടുതല്‍ ദൂരം യാത്ര ചെയ്യാന്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സാധിക്കില്ല. അവര്‍ക്ക് പ്രതിരോധ ശേഷി കുറവായിരിക്കും. അതുകൊണ്ടു തന്നെ യാത്ര ചെയ്യുന്ന പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടിയാണ് എല്ലാ ജില്ലകളിലും ക്യാന്‍സര്‍ ചികില്‍സാ കേന്ദ്രം ഒരുക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സംസ്ഥാനത്ത് സൗകര്യമൊരുക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്.

യുഎഇയില്‍ പ്രവാസികള്‍ക്ക് വേണ്ടി ക്വാറന്റൈന്‍ ക്യാമ്ബ് തുടങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി . ദുബായ് ഹെല്‍ത്ത് അതോറിറ്റി കെട്ടിടങ്ങള്‍ കണ്ടെത്തി നടപടികള്‍ തുടരുകയാണ്. ദുബായ് ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ അഭിനന്ദനാര്‍ഹമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് ജനറല്‍ എന്നിവരുമായി നോര്‍ക്ക റൂട്ട്‌സ് ബന്ധപ്പെട്ടുവരികയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സ്വകാര്യ ബസ്സുകളുടെ നികുതി അടക്കേണ്ട കാലാവധി നീട്ടി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഏപ്രില്‍ 15 നായിരുന്നു അടക്കേണ്ടത്. ഇത് ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. ലോക്ക് ഡൗണില്‍ ഇളവ് വരുത്തുന്ന കാര്യത്തില്‍ സുപ്രധാനമായ തീരുമാനങ്ങള്‍ വ്യാഴാഴ്ച ഉണ്ടാകും. മന്ത്രിസഭാ യോഗം ഇക്കാര്യം പ്രത്യേകം ചര്‍ച്ച ചെയ്യുന്നുണ്ട്. എങ്ങനെ ഇളവുകള്‍ വരുത്താം, ഏതൊക്കെ ജില്ലകളില്‍ നിയന്ത്രണം തുടരണം, ഏതൊക്കെ മേഖലകളില്‍ നിയന്ത്രണം എടുത്തുകളയണം തുടങ്ങിയ കാര്യങ്ങളില്‍ നാളെ മന്ത്രിസഭ തീരുമാനമെടുക്കും.

സംസ്ഥാനത്ത് ഒരാള്‍ക്ക് മാത്രമാണ് ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചത്. സമ്ബര്‍ക്കം മൂലമാണ് കണ്ണൂര്‍ സ്വദേശിക്ക് കൊറോണ ബാധിച്ചതെന്് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഏഴ് പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ നാല് പേര്‍ കാസര്‍ഗോഡും രണ്ടു പേര്‍ കോഴിക്കോടും ഒരാള്‍ കൊല്ലത്തുമാണ്. 387 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ഇതില്‍ ചികില്‍സയിലുള്ളത് 167 പേരാണ്.

NO COMMENTS