എംഎസ്‌സി പ്രവേശന മാനദണ്ഡത്തെച്ചൊല്ലി കാലിക്കറ്റില്‍ വിവാദം

210

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബിരുദാനന്തര ബിരുദ പ്രവേശന മാനദണ്ഡം വിവാദത്തില്‍. ഭാഷാ വിഷയങ്ങളിലെ കൂടി മാര്‍ക്ക് പരിഗണിച്ചാണ് ബിഎസ്‌സി പഠിച്ച വിദ്യാര്‍ഥിക്ക് എംഎസ്‌സിക്ക് അഡ്മിഷന്‍ നല്‍കുക. ഇക്കാര്യം വ്യക്തമാകുന്നതാകട്ടെ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ സര്‍ക്കുലറിലും.
കേരളത്തിലെ മറ്റു സര്‍വ്വകലാശാലകളെല്ലാം പിജി പ്രവേശനത്തിന് ഐഛിക വിഷയങ്ങളുടെ മാര്‍ക്ക് മാത്രം പരിഗണിക്കുമ്പോഴാണു കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തലതിരിഞ്ഞ രീതി.
കോര്‍ വിഷയങ്ങളുടെയും സബ്‌സിഡറി വിഷയങ്ങളുടെയും മാര്‍ക്ക് പരിഗണിച്ച് ഉന്നതപഠനത്തിന് അഡ്മിഷന്‍ നല്‍കുന്ന രീതി അട്ടിമറിച്ചതു വേണ്ടത്ര പഠനം നടത്താതെയാണെന്ന് അധ്യാപകരും പറയുന്നു.
പഠിക്കുമ്പോഴും പരീക്ഷ എഴുതുമ്പോഴും വിദ്യാര്‍ത്ഥികള്‍ അറിയാതിരുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു കാലിക്കറ്റ് സര്‍വ്വകലാശാല പിജി കോഴ്‌സുകളിലേക്കു വിദ്യാര്‍ത്ഥികളെ പ്രവേശിക്കാന്‍ പോകുന്നത്. യോഗ്യരായ നിരവധി കുട്ടികളുടെ ഭാവിയാണ് ഇതോടെ അനിശ്ചിതത്വത്തിലാവുക.