ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഈ മാസം മുതല്‍ ശമ്പളം നല്‍കും

197

തിരുവനന്തപുരം: ശമ്പളം ലഭിക്കാതിരുന്ന ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഈ മാസം മുതല്‍ ശമ്പളം നല്‍കിത്തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ഇതിനായി 70 കോടി രൂപ നീക്കിവെച്ചതായും മന്ത്രി അറിയിച്ചു. അധ്യാപക പുനര്‍വിന്യാസം പിഎസ് സി നിയമനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 2014-15 അധ്യയന വര്‍ഷത്തില്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിലെ അധ്യാപകര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചിരുന്നില്ല. 2014-15 വര്‍ഷത്തില്‍ പുതിയ ബാച്ച്‌ അനുവദിച്ചുകിട്ടിയ വിദ്യാലയങ്ങളില്‍ ആദ്യ രണ്ടുവര്‍ഷം ഗസ്റ്റ് അധ്യാപകരെ നിയമിക്കാനായിരുന്നു നിര്‍ദ്ദേശം. അതനുസരിച്ചാണ് സംസ്ഥാനത്തൊട്ടാകെ 3235 പേരെ നിയമിച്ചത്. എന്നാല്‍ അന്നാരംഭിച്ച രണ്ടു ബാച്ചുകള്‍ പുറത്തിറങ്ങാറായിട്ടും ഒരു പൈസ പോലും ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. എന്നാല്‍ അതേ വര്‍ഷമാരംഭിച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഗസ്റ്റ് അധ്യാപകര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. ഓണാഘോഷത്തിന് എല്ലാ ജീവനക്കാരും ബോണസ്സും അഡ്വാന്‍സും അലവന്‍സുമൊക്കെയായി തയ്യാറെടുക്കുമ്ബോള്‍ ചെയ്യുന്ന ജോലിക്കുള്ള ശമ്പളം പോലും ലഭിക്കാതെ വലയുകയായിരുന്നു ഇവര്‍. എയിഡഡ് സ്കൂളിലെ നിയമനങ്ങള് പിഎസ്‌എസിക്ക് വിടുന്ന കാര്യം നയപരമായ പ്രശ്നമാണെന്നും സര്‍ക്കാര്‍ നയം രൂപീകരിച്ച ശേഷമെ അക്കാര്യം വ്യക്തമാക്കാനാകു എന്നും മന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY