സി.രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്കാരം

231

തിരുവനന്തപുരം: നോവലിസ്റ്റ് സി.രാധാകൃഷ്ണന് ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്കാരം. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചക്കുണ്ടാകും. നോവലിസ്റ്റ്, കഥാകാരന്‍, സംവിധായകന്‍, അധ്യാപകന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നിങ്ങനെ സാംസ്കാരികലോകത്തിന്റെ നിരവധി തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സര്‍ഗപ്രതിഭയാണ് സി.രാധാകൃഷ്ണന്‍. 1939 ഫെബ്രുവരി 15ന് മലപ്പുറത്ത് പൊന്നാനി താലൂക്കിലെ ചമ്രവട്ടത്താണ് സി.രാധാകൃഷണന്‍ ജനിച്ചത്. അച്ഛന്‍ പരപ്പുര്‍ മഠത്തില്‍ മാധവന്‍ നായര്‍, അമ്മ ചക്കുപുരയ്ക്കല്‍ ജാനകി അമ്മ.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍നിന്നും പാലക്കാട് വിക്ടോറിയ കോളജില്‍നിന്നുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
പാരിസ്ഥിതിക ജാഗ്രതയോടെ കേരളീയ പ്രാദേശികതയെ സൂക്ഷ്മതലത്തില്‍ അവതരിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍. എല്ലാം മായ്ക്കുന്ന കടല്‍, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, പുഴ മുതല്‍ പുഴ വരെ, മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍ പിളരും കാലം, ഇനിയൊരു നിറകണ്‍ചിരി, ഉള്ളില്‍ ഉള്ളത്, തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്നീവ ശ്രദ്ധേയ സൃഷ്ടികളാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ജ്ഞാനപീഠസമിതിയുടെ മൂര്‍ത്തീദേവി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മാതൃഭൂമി സാഹിത്യ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, പത്മപ്രഭാപുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY