ഛത്തീസ്ഗഡിലെ 160 വീടുകള്‍ കത്തിച്ചത് മാവോയിസ്റ്റുകളല്ല, പൊലീസെന്ന് സിബിഐ

220

ന്യൂഡല്‍ഹി: 2011ല്‍ ഛത്തീസ്ഗഡിലെ താദ്‌മെല്‍ത്ത ഗ്രാമത്തിലെ സുഖ്മ ജില്ലയില്‍ 160 വീടുകള്‍ കത്തിച്ചത് മാവോയിസ്റ്റുകളാണെന്ന പൊലീസ് വാദം സിബിഐ തള്ളി. ഭവനങ്ങള്‍ അഗ്‌നിക്കിരയാക്കിയതിന്റെ ഉത്തരവാദിത്വം പൊലീസിനും സാല്‍വാ ജുദും പ്രവര്‍ത്തവര്‍ക്കുമാണെന്നാണ് സിബിഐ പറയുന്നത്. കേസന്വേഷണ പുരോഗതി സംബന്ധിച്ച് റായ്പൂരിലെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സിബിഐ വെളിപ്പെടുത്തല്‍.
പൊലീസ് ഓപ്പറേഷനിടെയാണ് താദ്‌മെല്‍ത്തയിലെ 160 വീടുകളും കത്തിനശിച്ചത്. കുറ്റപത്രത്തില്‍ ഏഴ് സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ 323 പൊലീസുകാര്‍ക്കും 95 ഓളം സിആര്‍പിഎഫ്, കോബ്ര അംഗങ്ങള്‍ക്കും പങ്കുള്ളതിന്റെ തെളിവു ലഭിച്ചതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സംഭവം നടന്ന് രണ്ടാഴ്ച്ചയ്ക്ക് ശേഷം താദ്‌മെല്‍ത്ത ഗ്രാമത്തിലെത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 26 സാല്‍വാ ജുദും നേതാക്കള്‍ക്കെതിരേയും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
മാവോയിസ്റ്റുകള്‍ക്കെതിരായ ജനകീയ പ്രതിരോധ സംഘം എന്ന നിലയില്‍ രൂപം കൊണ്ട സാല്‍വാ ജുദുമിനെ 2011ല്‍ സുപ്രീം കോടതി നിരോധിച്ചിരുന്നു. സാല്‍വാ ജുദുമിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന ഹര്‍ജിയിലായിരുന്നു നിരോധനം. 2011 മാര്‍ച്ച് 11നും മാര്‍ച്ച് 16നും ഇടയില്‍ മൊറാപള്ളി, താദ്‌മെല്‍ത്ത, തിമ്മാപുരം എന്നീ ഗ്രാമങ്ങളിലെ 250ലധികം വീടുകള്‍ കത്തിനശിച്ചുവെന്ന് ഹര്‍ജിയെ തുടര്‍ന്നാണ് സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. റായ്പൂരിലെ പ്രത്യേക സിബിഐ കോടതിയില്‍ മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളാണ് സിബിഐ സമര്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തയ്യാറായില്ല.

NO COMMENTS

LEAVE A REPLY