ഹൗസ് ബോട്ട് സര്‍വ്വീസുകള്‍ വേമ്പനാട്ട് കായലിന് ഭീഷണിയെന്ന് സിഎജി

401

ആലപ്പുഴ: ഹൗസ് ബോട്ട് സര്‍വ്വീസുകള്‍ വേമ്പനാട്ട് കായലിന്റെ പരിസ്ഥിതിക്ക് ഗുരുതര ഭീഷണിയെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍. മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മിക്ക ബോട്ടുകളും സര്‍വ്വീസ് നടത്തുന്നത്. നിയമലംഘനം തുറമുഖ വകുപ്പ് തടയുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
262 ഹൗസ് ബോട്ടുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമാണ് വേമ്ബനാട്ട് കായലിനുള്ളത്, എന്നാല്‍ നിലവില്‍ 734 ബോട്ടുകളാണ് കായലില്‍ സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ 326 ബോട്ടുകള്‍ രജിസ്ട്രേഷന്‍ പുതുക്കിയിട്ടില്ല. നിശ്ചിത സമയത്തിനകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബോട്ടുകള്‍ ഓടിക്കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയും, മാലിന്യം കായലിലേക്ക് ഒഴുക്കുന്നുണ്ടെന്നും കണ്ടെത്തി. ആലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 69 ശതമാനം ഹൗസ് ബോട്ടുകളും ഇന്‍ഷ്വര്‍ ചെയ്തിട്ടില്ല. ഭൂരിപക്ഷം ഹൗസ് ബോട്ടുകളും ഓടിക്കുന്നത് മതിയായ യോഗ്യതയില്ലാത്തവരാണ്. ജീവന്‍ രക്ഷാ ഉപകരണങ്ങളും അഗ്നിശമന സംവിധാനങ്ങളും പല ബോട്ടുകളുമില്ല. നിയമലംഘനങ്ങള്‍ പരിശോധിക്കുന്നതില്‍ തുറമുഖ വകുപ്പിന് വലിയ വീഴ്ചയുണ്ടെന്നും സിഎജി പറയുന്നു.