തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കണം – ജില്ലാ കളക്ടർ

120

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ പൂർണമായും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റ്ിക്ക്, പി.വി.സി എന്നിവ ഉപയോഗിച്ചുള്ള ബോഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. പോളിംഗ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഏജന്റുമാർ തുടങ്ങിയവർ ഭക്ഷണപദാർത്ഥങ്ങൾ, കുടിവെള്ളം തുടങ്ങിയവ കൊണ്ടുവരാൻ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ തുടങ്ങിയവയുടെ സഹായത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും കളക്ടർ നിർദേശം നൽകി. വോട്ടർമാർക്ക് കൂടുതൽ അവബോധം നൽകുന്നതിന്റെ ഭാഗമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 മോഡൽ പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും. ഭിന്നശേഷി വോട്ടർമാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർക്കാകും ഇതിന്റെ ചുമതല. വോട്ടിംഗ് മെഷീന്റെ ആദ്യഘട്ട റാന്റമൈസേഷനും കളക്ടറേറ്റിൽ നടന്നു.

തെരഞ്ഞെടുപ്പ് നിരീക്ഷകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നോഡൽ ഓഫീസർമാർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

NO COMMENTS