ബ്രക്സിറ്റ് ബില്ലിന് ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയുടെ അംഗീകാരം

216

യുറോപ്യൻ യൂണിയൻ വിടാനുളള ബ്രക്സിറ്റ് ബില്ലിന് ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയുടെ അംഗീകാരം. 118നെതിരെ 274 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇതോടെ യൂറോപ്യൻ യൂണിയന് പുറത്തുവരാനുളള ബ്രിട്ടന്റെ നടപടികൾ ഉടൻ പൂർത്തിയാകും. യൂറോപ്യൻ യൂണിയനുമായുളള ബന്ധംവേർപെടുത്തുന്നതിന്റെ സുപ്രധാനമായ തീരുമാനത്തിലേക്കാണ് പാർലമെന്റിന്റെ ഉപരിസഭ എത്തിയിരിക്കുന്നത്. കൂട്ടുകെട്ട് ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി ഈമാസം 31ന് തന്നെ കൂടിയാലോചനകൾക്ക് തുടക്കമിടാൻ പ്രധാനമന്ത്രി തെരേസ മെ യെ ചുമതലപ്പെടുത്തുന്ന ബില്ലിനാണ് ഉപരിസഭ അംഗീകാരം നൽകിയിരിക്കുന്നത്. ലിസ്ബൺ കരാറിലെ 50ാം ആർട്ടിക്കിൾ എന്നറിയപ്പെടുന്ന ഈ വ്യവസ്ഥ യെ ചൊല്ലി നേരത്തെ ഏറെ ഭിന്ന സ്വരങ്ങളുണ്ടായിരുന്നു. ഇതിനിടെ യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങൾ സംബന്ധിച്ച് സർക്കാർ അവതരിപ്പിച്ച ബില്ലും ഉപരിസഭയിൽ പരാജയപ്പെട്ടിരുന്നു. തിരിച്ചടികൾക്ക് ശേഷം ഉപരിസഭയിൽ അവതരിപ്പിക്കപ്പെട്ട ബില്ലിനെ അനുകൂലിച്ച് 274 പേർ വോട്ട് ചെയ്തു. യുറോപ്യൻ യൂണിയൻ വിടാനുളള തീരുമാനത്തെ പാർലമെന്റ് ഒന്നടങ്കം പിന്താങ്ങിയെന്നും പുതിയ ദിശയിലേക്കുളള പ്രയാണം തുടങ്ങുകയാണെന്നും ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവസ് പറഞ്ഞു. ബ്രെക്സിറ്റിനായുളള ചർച്ചകൾ ഈമാസം 31ന് തന്നെ തുടങ്ങിയാലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ചുരുങ്ങിയത് രണ്ടുവർഷമെങ്കിലും എടുക്കും.

NO COMMENTS

LEAVE A REPLY