തായ്‌ലൻഡിൽ എട്ടു സ്ഫോടനങ്ങൾ

187

ബാങ്കോക്ക്∙ കഴിഞ്ഞ 24 മണിക്കൂറിനിടെ തായ്‌ലൻഡിലുണ്ടായ എട്ടു ബോംബ് സ്ഫോടനങ്ങളിൽ നാലു മരണം. റിസോർട്ട് നഗരമായ ഹ്വാ ഹിന്നിലും ദക്ഷിണ പ്രവിശ്യകളിലുമാണ് ആക്രമണം നടന്നത്. ക്ലോക്ക് ടവറിലുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ ഒരാൾ മരിച്ചെന്നും മൂന്നു പേർക്കു പരുക്കേറ്റെന്നും ഹ്വാ ഹിൻ ജില്ലാ മേധാവി സുട്ട്ഹിപോങ് ക്ലായ് ഉദം അറിയിച്ചു.
നാല് സ്ഫോടനങ്ങൾ ഹ്വാ ഹിന്നിലാണ് ഉണ്ടായത്. വിനോദസഞ്ചാര ദ്വീപായ ഫുകെറ്റിൽ രണ്ടെണ്ണവും സൂററ്റ് താനിയിൽ ഒന്നും ദക്ഷിണ ത്രാങ്ങിൽ ഒരു സ്ഫോടനവുമുണ്ടായി. ഹ്വാ ഹിന്നിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റവരിൽ വിദേശികളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ്, ജർമനി, നെതര്‍ലൻഡ്സ്, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണിവർ.