ബിജെപിയുടെ പ്രതീക്ഷ – തിരുവനന്തപുരവും പത്തനംതിട്ടയും – തൃശൂരില്‍ – സുരേഷ് ഗോപി അട്ടിമറി നടത്തിയേക്കാം – ശ്രീധരന്‍ പിളള

174

കോഴിക്കോട്: തിരുവനന്തപുരവും പത്തനംതിട്ടയുമാണ് ബിജെപി ഉറപ്പായും പ്രതീക്ഷിക്കുന്ന സീറ്റുകള്‍. തൃശൂരില്‍ സുരേഷ് ഗോപി അട്ടിമറി നടത്തിയേക്കാം എന്നും ബിജെപി പ്രതീക്ഷിക്കുന്നു. എന്നാല്‍ ബിജെപി എത്ര സീറ്റുകള്‍ കിട്ടുമെന്ന് പറയാന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിളള തയ്യാറല്ല. കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവും എന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ബിജെപിക്ക് എത്ര സീറ്റ് കിട്ടാന്‍ സാധ്യതയുണ്ട് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ശ്രീധരന്‍ പിളളയുടെ ഈ മറുപടി. ഈ തിരഞ്ഞെടുപ്പില്‍ രണ്ട് മുന്നണികള്‍ക്കും 2014ലെ വോട്ടുണ്ടാകില്ലെന്നും ശ്രീധരന്‍ പിളള കൂട്ടിച്ചേര്‍ത്തു.

ഇണയെ കൊന്ന് തിന്നുന്ന ചിലന്തിയെ പോലെയാണ് കോണ്‍ഗ്രസെന്നും ശ്രീധരന്‍ പിളള കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായി ചങ്ങാത്തതിന് പോയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോള്‍ വട്ടപ്പൂജ്യമായി മാറിയിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍ സിപിഐ ഒന്നുമല്ലാതായി മാറിയത് പോലെ സിപിഎമ്മും ഈ തിരഞ്ഞെടുപ്പോടെ നാമാവശേഷമാകുമെന്നും ശ്രീധരന്‍ പിളള കൂട്ടിച്ചേര്‍ത്തു.

അന്ധമായ ബിജെപി വിരോധം കൊണ്ട് സിപിഎം ഇല്ലാതാവുകയാണ്. ഇക്കുറി ജനങ്ങള്‍ എന്‍ഡിഎയ്ക്ക് ഒപ്പമാണ് എന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസ്സിലാകുമെന്നും ശ്രീധരന്‍ പിളള പറഞ്ഞു. ബിജെപിയുടേയും എന്‍ഡിഎയുടേയും വോട്ടുകള്‍ ഇരട്ടിയായി വര്‍ധിക്കും.

എല്‍ഡിഎഫിനും യുഡിഎഫിനും യുക്തിഭദ്രമായി കാര്യങ്ങള്‍ വിലയിരുത്താന്‍ സാധിക്കുന്നില്ല. തൃശൂരില്‍ സുരേഷ് ഗോപി വന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞു എന്ന ടിഎന്‍ പ്രതാപന്റെ പ്രസ്താവനയെ കുറിച്ച്‌ കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രന് എന്താണ് പറയാനുളളതെന്നും ശ്രീധരന്‍ പിളള ചോദിച്ചു.

NO COMMENTS