മെഡിക്കല്‍ കോഴ : ബിജെപി നേതൃയോഗം ഇന്ന്

215

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദം കത്തിനില്‍ക്കുന്നതിനിടെ ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന് ചേരും. രാവിലെ പത്ത് മുതല്‍ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിലാണ് യോഗം. സംസ്ഥാന ഭാരവാഹികളെ കൂടാതെ ജില്ലാ പ്രസിഡന്റുമാരെയും ജനറല്‍ സെക്രട്ടറിമാരെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജ് അഴിമതി കൂടാതെ ഗ്രൂപ്പ് തിരിഞ്ഞുള്ള ഒരുപിടി അഴിമതി ആരോപണങ്ങളാകും ഇന്നത്തെ യോഗത്തിലുണ്ടാകുക. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ ജാഗ്രത കുറവുണ്ടായെന്ന വിമര്‍ശവും പാര്‍ട്ടിയില്‍ ശക്തമാണ്. ഒരുപിടി പുതിയ ആരോപണങ്ങളാണ് പാര്‍ട്ടിയെ തിരിഞ്ഞ് കുത്തുന്നത്. അതിനാല്‍ തന്നെ ഇന്നതെ യോഗം സംഭവബഹുലമാകും. ആരോപണ- പ്രത്യാരോപണങ്ങളുമായി ഗ്രൂപ്പ് തിരിഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ കേന്ദ്ര നേതൃത്വത്തിന് പരാതി അയക്കുകയാണ്. പാര്‍ലിമെന്റില്‍ രണ്ടാം ദിവസവും അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടതോടെ ദേശീയ നേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടു. റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്‌ രാജ, കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരോടാണ് ഇരുനേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശഖരനെ ഫോണില്‍ ബന്ധപ്പെട്ട അമിത് ഷാ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അന്വേഷണ കമ്മീഷനില്‍ അംഗമായിരുന്ന സംസ്ഥാന സെക്രട്ടറി എ കെ നസീറിനെതിരെ നടപടിയെടുക്കും.എ കെ നസീറില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. നസീറിന്റെ ഇമെയിലില്‍ നിന്ന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അദ്ദേഹത്തിന്റെ ആലുവയിലുള്ള ഹോട്ടലിന്റെ ഇ മെയിലിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. ഇവിടെ നിന്നാണ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചതെന്ന പ്രാഥമിക വിലയിരുത്തലിലാണ് പാര്‍ട്ടി സംസ്ഥാന ഘടകം. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്റെ ഇ മെയിലിലൂടെ ചോര്‍ത്തി നല്‍കി, കുമ്മനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് നസീറിനെതിരെ നടപടിയെടുക്കുക.

NO COMMENTS