കലയോട് ഭരണകൂടങ്ങള്‍ പുലര്‍ത്തുന്നത് അവഗണന: റിയാസ് കോമു

247

കൊച്ചി: അരനൂറ്റാണ്ടായി രാജ്യത്തെ കലാകാരന്മാര്‍ സൃഷ്ടിച്ച ക്രിയാശീലത്തിന്റെ പാരമ്പര്യമാണ് കൊച്ചി ബിനാലെയ്ക്കുള്ളതെന്ന് പ്രശസ്ത ആര്‍ട്ടിസ്റ്റും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ റിയാസ് കോമു പറഞ്ഞു. ക്യൂറേറ്റിംഗ് അണ്ടര്‍ പ്രഷര്‍ എന്ന വിഷയത്തില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു റിയാസ്. കലാരംഗത്ത് സക്രിയരായ ആര്‍ട്ടിസ്റ്റുകളുടെ ശ്രമഫലമായാണ് കാര്യമായ സര്‍ക്കാര്‍ പിന്തുണയില്ലാതെയും മികച്ച സ്ഥാപനങ്ങളുടെ അഭാവത്തിലും ഇന്ത്യന്‍ കലാരംഗം വളര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ നേതൃത്വവും ദേശീയ ബജറ്റും കാലാകാലങ്ങളായി കലാരംഗത്തെ തഴയുകയാണ്. ഈ പതിവിന് ബിനാലെ വെല്ലുവിളിയാണ് എന്നും അദ്ദേഹം പറഞ്ഞു. ജര്‍മന്‍ സംസ്‌കാരിക കേന്ദ്രമായ ഗെയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് ബിനാലെ ഫൗണ്ടേഷന്‍ ഈ സമ്മേളനം സംഘടിപ്പിച്ചത്. ബിനാലെ വേദിയായ കബ്രാള്‍ യാര്‍ഡിലാണ് ദ്വിദിന സമ്മേളനം നടക്കുന്നത്.

ബിനാലെയില്‍ ഉണ്ടായ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ദങ്ങള്‍, സെന്‍സര്‍ഷിപ്പ് തുടങ്ങിയവയെ സമകാലീന കലാരംഗം എങ്ങിനെ നേരിട്ടു തുടങ്ങിയ കാര്യങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. കാലങ്ങളായി കലയ്ക്കുമേല്‍ സാഹചര്യങ്ങങ്ങളുടെ സമ്മര്‍ദ്ദമുണ്ട്. ഇത്തരം സമ്മര്‍ദ്ദങ്ങളുടെ നിരവധി തലങ്ങളാണ് കൊച്ചി ബിനാലെയ്ക്കുള്ളതെന്ന് റിയാസ് കോമു പറഞ്ഞു. എന്നാല്‍തന്നെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് വ്യവസ്ഥിതിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബിനാലെയ്ക്ക കഴിഞ്ഞു. കഴിഞ്ഞ മൂന്നു ലക്കങ്ങളായി കലാരംഗത്തെ ആവേശം കെടാതെ കൊച്ചി ബിനാലെ കാത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ കേന്ദ്രബജറ്റില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി 2500 കോടി രൂപയാണ് അനുവദിച്ചത്. രാജ്യത്തെ വായനാശാലകള്‍, മ്യൂസിയം, പുരാവസ്തുവകുപ്പ്, കലാ സംസ്‌കൃതി വികാസ് യോജന, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം കൂടിയാണ് ഈ തുക വീതിക്കേണ്ടിവരുന്നത്. ഈ വ്യവസ്ഥിതിയെയാണ് കലാസൃഷ്ടിയിലൂടെയും ക്യൂററ്റോറിയല്‍ പരീക്ഷണങ്ങളിലൂടെയും ബിനാലെ വെല്ലുവിളിക്കുന്നതെന്നും റിയാസ് പറഞ്ഞു.

ഗൊയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേഷ്യ പ്രോഗ്രാം ഡയറക്ടര്‍ ലിയോനാര്‍ഡ് എമ്മേര്‍ളിംഗ്, കാന്റര്‍ബറി സര്‍വകലാശാലയിലെ ഇലാം സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് തലവന്‍ ആരോണ്‍ ക്രിസ്ലര്‍, ഷാങ്ഹായ് ബിനാലെ ക്യൂറേറ്റ് ചെയ്ത രക്‌സ് മീഡിയ കളക്ടീവ് അംഗം ശുദ്ധബ്രത സെന്‍ഗുപ്ത, ബെര്‍ലിന്‍ ബിനാലെ ഡയറക്ടര്‍ ഗബ്രിയേല്‍ ഹോണ്‍, ആറാം മരാക്കെഷ് ബിനാലെ ക്യൂറ്റേര്‍ റീം ഫാദ്ദ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും കൊച്ചി-മുസിരിസ് ബിനാലെയില്‍ കലാകാരന്മാര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യത്തില്‍ വിട്ടു വീഴ്ച ചെയ്തിട്ടില്ലെന്ന് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ ബിനാലെ വേറിട്ടു നില്‍ക്കുന്നു. രാഷ്ട്രീയമായ സമ്മര്‍ദ്ദം നേരിടുന്ന കലാരംഗത്തെ വിവിധ വശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. സെന്‍സര്‍ഷിപ്പ്, കലാപ്രദര്‍ശനങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ എങ്ങിനെ പ്രതികരിക്കണമെന്ന വിഷയവും ചര്‍ച്ചയായി. ബോസ് കൃഷ്ണമാചാരിയെ കൂടാതെ സെന്‍ഗുപ്ത, ഉറാല്‍ ഇന്‍ഡസ്ട്രിയല്‍ ബൈനിയല്‍ ഓഫ് കണ്ടംപററി ആര്‍ട്ട് ഇന്‍ റഷ്യ അലീസ പ്രുഡുനിക്കോവ, പതിനൊന്നാം ഗ്വാന്‍ജു ബിനാലെ ക്യൂറേറ്റ് സംഘാംഗം അസര്‍ മഹമൂദിയാന്‍ എന്നിവരാണ് വൈകീട്ടത്തെ ചര്‍ച്ചയില്‍ പങ്കെടുത്തത്.

NO COMMENTS

LEAVE A REPLY