ബാലമുരളീകൃഷ്ണയ്ക്ക് ആദരാഞ്ജലിയുമായി ബിനാലെ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

242

കൊച്ചി: അന്തരിച്ച കര്‍ണാടക സംഗീത ചക്രവര്‍ത്തി ഡോ ബാലമുരളീകൃഷ്ണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ അരങ്ങേറിയത്. നന്മയുടെ തലോടല്‍ എന്ന സൗഹൃദ കൂട്ടായ്മയാണ് ഇക്കുറി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ അവതരിപ്പിച്ചത്. നന്മയുടെ തലോടല്‍ കൂട്ടായ്മയിലെ ജബ്ബാര്‍ ഉപ്പാസ്, ജാക്‌സണ്‍ റോയയി, ഒമ്പതാം ക്ലാസുകാരന്‍ അമല്‍ റോയി, കുഞ്ഞുമോന്‍, അനസ് അബ്ദുള്ള, അബ്ദുള്‍ സലിം എന്നിവരാണ് സംഗീത പരിപാടിയില്‍ പങ്കെടുത്തത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ലേക് ഷോര്‍ ആശുപത്രി, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായി അവതരിപ്പിച്ചു വരുന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ 144-ാമത് ലക്കമായിരുന്നു ബുധനാഴ്ച.

മാപ്പിളപ്പാട്ടിലെ ക്ലാസിക്കായ ഹുസുനുള്‍ ജമാലുള്‍പ്പെടെ 13 പാട്ടുകള്‍ നന്മയുടെ തലോടല്‍ സദസ്സിനു മുന്നിലെത്തി. മൂന്ന് ഹിന്ദി ഗാനങ്ങളും ഇതില്‍ ഉള്‍പ്പെടും. ഒമ്പതാം ക്ലാസുകാരനായ അമല്‍ റോയിയുടെ പ്രകടനം ശ്രോതാക്കളെ ഏറെ ആകര്‍ഷിച്ചു. ടിവി റിയാലിറ്റി ഷോകളില്‍ നിറ സാന്നിദ്ധ്യമായിരുന്ന അമല്‍ റോയി പള്ളുരുത്തി സെന്റ് അലോഷ്യസ് സ്‌കൂളിലാണ് പഠിക്കുന്നത്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സങ്ങളിടക്കം സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട് ഈ പതിമ്മൂന്നുകാരന്‍. നന്മയുടെ തലോടല്‍ കൂട്ടായ്മയിലെ ജാക്‌സന്‍ റോയിയുടെ മകനാണ് അമല്‍. കേരള മാപ്പിള അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റാണ് കൂട്ടായ്മയുടെ ചെയര്‍മാനായ ജബ്ബാര്‍ ഉപ്പാസ്. കേരളത്തിലെ കലാ-സാംസ്‌കാരിക-സാമൂഹ്യ സംഘടനകളില്‍ സജീവ സാന്നിദ്ധ്യമാണ് ജബ്ബാര്‍.

NO COMMENTS

LEAVE A REPLY