ആലാപനത്തില്‍ കരുത്തു കാട്ടി മധു ശക്തിധരന്‍

204

കൊച്ചി: ജോത്സ്യമാണ് പ്രവര്‍ത്തനമേഖലയെങ്കിലും ഗായകനെന്ന നിലയിലും താന്‍ ഒട്ടും പിന്നിലല്ലെന്ന തെളിയിക്കുന്നതായിരുന്നു കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ ഭാഗമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ് മധു ശക്തിധരന്റെ സംഗീതപരിപാടി. മണ്‍മറഞ്ഞ അനശ്വര സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി രൂപംകൊണ്ട ദേവതാരു എന്ന സംഗീത സംഘത്തിലെ ഗായകന്‍ കൂടിയാണ് മധു പണിക്കര്‍ എന്നറിയപ്പെടുന്ന മധു ശക്തിധരന്‍. തൃപ്പയാറിനടുത്തെ എടമുട്ടം സ്വദേശിയായ മധുവിന് സംഗീതം ലഹരിയാണ്.

ദേവരാജന്‍-വയലാര്‍ ദ്വന്ദ്വത്തിന്റെ ‘അദ്വൈതം ജനിച്ച നാട്ടില്‍’ എന്ന ഗാനത്തോടെയായിരുന്നു മധുവിന്റെ തുടക്കം. 1971ല്‍ പുറത്തിറങ്ങിയ ലൈന്‍ ബസ് എന്ന ചിത്രത്തിനായി യേശുദാസ് ആലപിച്ച ഗാനം. ഇഷ്ട സംഗീതസംവിധായകരായ ദേവരാജന്റെയും ദക്ഷിണാമൂര്‍ത്തിയുടെയും പാട്ടുകളിലുറച്ചുനിന്ന മധു 16 പാട്ടുകള്‍ പാടിയാണ് സംഗീതപരിപാടി ധന്യമാക്കിയത്. സുദര്‍ശനും യാഹിയ അസീസും ഒപ്പം പാടി. 1973ല്‍ പുറത്തിറങ്ങിയ ‘ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു’ എന്ന ചിത്രത്തിലെ ‘ചന്ദനത്തില്‍ കെഞ്ഞെടുത്തൊരു’ എന്ന മനോഹരഗാനം പാടിയാണ് മധു അവസാനിപ്പിച്ചത്.

ജോത്സ്യത്തിന്റെ ആധ്യാത്മിക വശമാണ് ആലാപനത്തില്‍ തന്റെ ശക്തിയെന്നും സംഗീതം സ്വയം ഒരു ചികില്‍സയാണെന്നും മധു പറഞ്ഞു. അതിവേഗം രോഗവിമുക്തി നേടാന്‍ സംഗീതം സഹായിക്കും. ബിനാലെ ഫൗണ്ടേഷന്‍ ഇത്തരം സംരംഭങ്ങളുമായി മുന്നോട്ടുപോകുന്നത് പ്രശംസനീയമാണെന്നും മധു പറഞ്ഞു. ഇന്ത്യയിലും പുറത്തും യോഗ പരിപാടികള്‍ സംഘടിപ്പിക്കുന്ന ആസ്‌ട്രോയുജ് എന്ന രാജ്യാന്തര യോഗ പരിശീലന പരിപാടിയുടെ അധ്യക്ഷനുമാണ് മധു ശക്തിധരന്‍.

മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, ലേക്ക് ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് ബിനാലെ ഫൗണ്ടേഷന്‍ 147 ലക്കം പിന്നിടുന്ന, ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി സംഘടിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY